ഡോക്‌ടറെ ഭീഷണിപ്പെടുത്തിയതായി പരാതി; യൂത്ത് ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനെതിരെ വീണ്ടും കേസ്
കാസർകോട്: ഡോക്‌ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്തംഗവും മുസ്ലീംയൂത്ത്‌ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനെതിരെ മഞ്ചേശ്വരം പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ.പ്രണവ്‌ലാലിന്റെ പരാതി പ്രകാരമാണ് കേസ്.ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.മകളെയും കൂട്ടി ആശുപത്രിയില്‍ എത്തിയതായിരുന്നു അബ്‌ദുല്‍ റഹ്മാന്‍. ഡോക്‌ടറെ കാണിച്ച് ഫാര്‍മസിയില്‍ എത്തിയപ്പോള്‍ ഡോക്‌ടര്‍ എഴുതിയ മരുന്ന് ഉണ്ടായിരുന്നില്ല. ഇതേ ചൊല്ലി ഫാര്‍മസി ജീവനക്കാരി അഫ്‌സീനയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്‌തതായി പറയുന്നു. ബഹളം കേട്ട് എത്തിയ ഡോ.പ്രണവ് ലാലിനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നു പരാതിയില്‍ പറഞ്ഞു. ഡോക്‌ടറില്‍ നിന്നു മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസെടുത്തത്.ആഴ്‌ചകള്‍ക്കു മുമ്പ് രാത്രികാല പട്രോളിംഗിനിടയില്‍ മഞ്ചേശ്വരം എസ്.ഐ അനൂബിനെ അക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന ഗോള്‍ഡന്‍ അബ്‌ദുല്‍ റഹ്മാനു ഒരാഴ്‌ച മുമ്പാണ് ജാമ്യം അനുവദിച്ചത്.എന്നാല്‍ ഡോക്‌ടറോട് തട്ടികയറിയിട്ടില്ലെന്നും കുറിച്ച മരുന്നു ഇല്ലാത്തതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്‌തതെന്നാണ് അബ്‌ദുല്‍ റഹ്മാന്റെ വിശദീകരണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ