പൊലീസുകാരെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ വാഹന മോഷ്‌ടാവ് ചട്ടഞ്ചാലിലെ റംസാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കാസർകോട്: മോഷ്‌ടിച്ച ടിപ്പർ ലോറി കയറ്റി പൊലീസുകാരെ കൊല്ലാൻ ശ്രമിച്ച കുപ്രസിദ്ധ വാഹന മോഷ്‌ടാവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചട്ടഞ്ചാല്‍ തെക്കില്‍ നമ്പിടിപ്പള്ളം ഹൗസില്‍ മുഹമ്മദ് റംസാൻ എന്ന റംസാ(25)നെതിരെയാണ് ചീമേനി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാള്‍ക്കെതിരെ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക, ബേക്കല്‍, ഹൊസ്‌ദുര്‍ഗ്ഗ്, കണ്ണപുരം, വടകര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ളതായി ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നു.ഇക്കഴിഞ്ഞ മെയ് 24ന് ആണ് ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിനാസ്‌പദമായ സംഭവം. വടകരയില്‍ നിന്നു മോഷണം പോയ ടിപ്പര്‍ ലോറിയുമായി ചീമേനി വഴി പോവുകയാണെന്നു വടകര സൈബര്‍ സെല്‍ അറിയിച്ചതനുസരിച്ചാണ് ചീമേനി എസ് ഐ പി വി രാമചന്ദ്രനും പൊലീസുകാരും റോഡില്‍ പരിശോധനയ്‌ക്കെത്തിയത്. ചീമേനി- ചെറുവത്തൂര്‍ റോഡരുകില്‍ കാത്തു നില്‍ക്കുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ ടിപ്പര്‍ ലോറി എത്തി കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. പൊലീസ് പിന്തുടരുകയും നിടുമ്പ ചള്ളുവക്കോട്ട് വച്ച് ഓവര്‍ ടേക്ക് ചെയ്‌ത് പൊലീസ് ജീപ്പ് റോഡിനു കുറുകെയിട്ടു. ഇതിനിടയില്‍ പെട്ടെന്നു ഇടതു ഭാഗത്തേയ്‌ക്കു പിറകോട്ടെടുത്തു അമിത വേഗതയില്‍ പൊലീസ് ജീപ്പില്‍ രണ്ടുതവണ ഇടിച്ചു. ഇതിനിടയില്‍ ഡോര്‍ ജാമായി എസ് ഐ ജീപ്പിനകത്തു കുടുങ്ങി. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ റംസാന്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് കേസ്. അതിനു ശേഷം റംസാന്‍ ഒളിവില്‍ പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ