കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും പാര്‍ട്ട് ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളില്‍ വിവിധ സ്റ്റേഷനുകളില്‍ രണ്ട് ദിവസത്തിനിടെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ പക്കല്‍ നിന്നും തട്ടിയെടുത്തത്.
തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. മൂവി പ്ലാറ്റ്‌ഫോം എന്ന കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചാണ് രൂപ തട്ടിയെടുത്തത്.
ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്‌സാപ്പിലൂടെ നിക്ഷേപത്തില്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ്. ഇത്തരത്തില്‍ തന്നെ ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി. വാട്‌സാപ്പിലൂടെയും ടെലഗ്രാമിലൂടെയും ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയാണ് ഈ നഷ്ടം.
ലിങ്കില്‍ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് ഭാര്യ സ്വദേശിയുടെ 99,999 രൂപയാണ് നഷ്ടമായത്. തട്ടിപ്പുകാര്‍ അയാള്‍ക്ക് നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക വഴിയാണ് തട്ടിപ്പിനിരയായതെന്ന് കാസര്‍കോട് സൈബര്‍ സെല്‍ പൊലീസ് അറിയിച്ചു.
പണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ അകറ്റി നിര്‍ത്തുക, ആര് അയച്ചുതന്നിരിക്കുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും അവര്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് വരുന്ന ഒ.ടി.പി അടക്കം എല്ലാം അവര്‍ കൈക്കലാക്കും, ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോബുകള്‍ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക, ജോലി ലഭിക്കാനായി ഇത്തരക്കാര്‍ക്ക് പണം നല്‍കാതിരിക്കുക, ഓണ്‍ലൈന്‍ ഗെയ്മുകളാണ് മറ്റൊരു വില്ലന്മാര്‍. ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കുമ്പോള്‍ അതിന് പിന്നില്‍ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്ന് സൈബര്‍ സെല്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ