ഓണാഘോഷങ്ങൾക്ക് പാതി ഷട്ടറിട്ട് വീണ്ടും പോരാട്ടച്ചൂടിലേക്ക്; കളം പിടിക്കാൻ മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്
കോട്ടയം: ഓണാഘോഷങ്ങൾക്ക് ശേഷം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ വീണ്ടും ശക്തമാകും. ഇടത് മുന്നണിക്കായി മുഖ്യമന്ത്രി ഇന്ന് വീണ്ടും മണ്ഡലത്തിൽ എത്തും. മൂന്ന് പഞ്ചായത്തുകളിലാണ് വൈകിട്ട് പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പൊതുയോഗം. യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് മണ്ഡലത്തിൽ തിരിച്ചെത്തും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർത്ഥിക്കായി വോട്ട് ചോദിച്ച് ഇന്നിറങ്ങും.
എ കെ ആന്‍റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രചാരണത്തിനായി അവസാന ലാപ്പിൽ എത്തുന്നുണ്ട്. അതേസമയം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്.
അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. അതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം. 'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്' ഫേസ്ബുക്ക് പോസ്റ്റ്.
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടിയിലേക്ക് കടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അച്ചു, അധിക്ഷേപം കടുത്തതോടെയാണ് പരാതി നൽകാൻ തയ്യാറായത്. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് ലിങ്കുകളും സ്ക്രീൻഷോട്ടുകളും അടക്കമാണ് സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ പരാതി നൽകിയത്. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു.
ഒറ്റനോട്ടത്തിൽ വെറും മാരിലൈറ്റിന്‍റെ ബിസ്കറ്റ് പായ്ക്കറ്റ്; കേരളത്തിൽ തന്നെ ആദ്യം, തുറന്നപ്പോൾ ഞെട്ടി എക്സൈസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ