ആരാകും കൺവീനർ? പ്രധാനമന്ത്രി സ്ഥാനാർത്ഥിയിലും തർക്കം! മുംബൈയിൽ 'ഇന്ത്യ'യുടെ നിർണായക യോഗം; തീരുമാനം എന്താകും
ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽതുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം.
'ഇന്ത്യ'യുടെ മുംബൈ യോഗത്തിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബറില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പ് ഒരുക്കം തന്നെയാകും മുഖ്യ അജണ്ട. ഇതിനൊപ്പം തന്നെ 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണം എന്നതിലും കൺവീനർ സ്ഥാനം ആർക്ക് എന്നതിലും ചർച്ചകൾ ഉണ്ടാകും. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനകം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച യോഗത്തിൽ ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പാണ്. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവിദ പാർട്ടികളും അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടന്നു കഴിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം അശോക് ഗലോട്ട് പറഞ്ഞത്. ഇതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അഖിലേഷ് യാദവിനായി സമാജ് വാദി പാര്‍ട്ടിയും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുമെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാകാനുള്ള സാധ്യതകൾ കുറവാണെന്നാണ് വ്യക്തമാകുന്നത്.
അതേസമയം മുന്നണിയുടെ കൺവീനർ സ്ഥാനത്തിൽ ഒരു തീരുമാനത്തിന് സാധ്യത ഏറെയാണ്. കണ്‍വീനറെ യോഗം തെരഞ്ഞെടുക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിതീഷ് കുമാര്‍, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും പദവിയേറ്റെടുക്കാന്‍ ഇരുവരും തയ്യാറല്ലെന്നാണ് പറയുന്നത്. കണ്‍വീനര്‍ തല്‍ക്കാലം വേണ്ടെന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാട്. ചില പാര്‍ട്ടികള്‍ കൂടി എത്താന്‍ സന്നദ്ധതയറിയിച്ചതിനാല്‍ മുന്നണി വികസനവും മുംബൈ യോഗത്തില്‍ ചര്‍ച്ചയായേക്കും. ചൈനയടക്കമുള്ള വിഷയങ്ങളില്‍ സംയുക്ത നിലപാടിനായും ചര്‍ച്ചകൾ നടക്കും. പാറ്റ്ന, ബംഗലുരു യോഗങ്ങള്‍ക്ക് ശേഷം 'ഇന്ത്യ'യുടെ മൂന്നാമത് യോഗമാണ് മുംബൈയില്‍ ചേരുന്നത്. 26 പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുക്കും. വിവിധ കമ്മറ്റികളുടെ പ്രഖ്യാപനവും മുംബൈ യോഗത്തിൽ ഉണ്ടാവും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ