തൃശൂർ: സിപിഎം നേതാവും എംഎൽഎയുമായ എസി മൊയ്തീനെതിരെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രണ്ട് ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപം ഇഡി മരവിപ്പിച്ചതായാണ് റിപ്പോർട്ട്. മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. അതേസമയം, എസി മൊയ്തീനിനെ ഉടൻ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യലിനായി സമൻസ് അയക്കുന്നതിൽ ഇന്ന് തീരുമാനം എടുക്കും.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചിരുന്നു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ പ്രതികരണം. 22 മണിക്കൂർ മാധ്യമങ്ങൾ തന്റെ വീടിനു മുന്നിൽ കാത്തു നിന്നില്ലേ, അതായിരുന്നു അജണ്ട എന്ന് അദ്ദേഹം പ്രതികരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും താൻ ആർക്കോ വായ്പ ലഭിക്കാൻ സഹായം ചെയ്തു എന്ന് ആരുടെയോ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ആ കാലത്ത് താൻ ഡിസിസി സെക്രട്ടറിയായിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നിൽക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവിൽ തനിക്കില്ല. ഇരിങ്ങാലക്കുട സ്വദേശിയായ വ്യക്തിയുടെ മൊഴിയുണ്ടെന്ന് ഇഡി സംഘം പറഞ്ഞത്. വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി.അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീൻ വ്യക്തമാക്കിയിരുന്നു. മൊയ്തീൻ്റെ പ്രതികരണം വന്നതിൻ്റെ തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യുമെന്ന വാർത്ത പുറത്തു വരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ