ബംഗളൂരു: കര്‍ണാടക ഹൈകോടതിയിലെ ആറ് ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി. പാകിസ്താനിലുള്ള ബാങ്കിലെ അക്കൗണ്ടില്‍ 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി.
ബംഗളൂരു സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. ഹൈകോടതി പബ്ലിക് റിലേഷൻസ് ഓഫിസര്‍ കെ. മുരളീധറിനാണ് വാട്സ്‌ആപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
പാകിസ്താനിലുള്ള എ.ബി.എല്‍ ബാങ്കില്‍ 50 ലക്ഷം നിക്ഷേപിക്കണമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 12ന് വൈകീട്ട് ഏഴിനാണ് ഔദ്യോഗിക മൊബൈല്‍ നമ്ബറിലെ വാട്സ്‌ആപ്പില്‍ ഭീഷണി സന്ദേശം കിട്ടുന്നത്.
പണം കൈമാറിയില്ലെങ്കില്‍ ഹൈകോടതി ജഡ്ജിമാരായ മുഹമ്മദ് നവാസ്, എച്ച്.ടി. നരേന്ദ്ര പ്രസാദ്, അശോക് ജി. നജഗന്നവര്‍, എച്ച്.പി. സന്ദേശ്, കെ. നടരാജൻ, ബി. വീരപ്പ എന്നിവരെ കൊല്ലുമെന്നും ഇതില്‍ ഉണ്ടായിരുന്നു.'ദുബൈ ഗ്യാങ്ങി'ലെ ആളാണ് താനെന്നും ഭീഷണി സന്ദേശമയച്ചയാള്‍ അവകാശപ്പെടുന്നുണ്ട്. വിവിധ നമ്ബറുകളില്‍ നിന്നായിരുന്നു സന്ദേശങ്ങള്‍ വന്നത്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ