കൊച്ചി ; രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും എഐ ക്യാമറയില്‍ നിന്നു രക്ഷപ്പെടാനാവില്ലെന്നും ഹൈക്കോടതി. മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ മാറാടി സ്വദേശികളായ വി.വി.മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി തള്ളിയാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കടുത്ത തലവേദനയ്ക്കു ചികിത്സയിലുള്ള ഹര്‍ജിക്കാര്‍ക്കു തലമൂടാനാവില്ലെന്നും ഹെല്‍മറ്റ് പോലെയുള്ള ഭാരമുള്ള വസ്തുക്കള്‍ വയ്ക്കാനാവില്ലെന്നും വ്യക്തമാക്കിയാണു ഹൈക്കോടതിയെ സമീപിച്ചത്. എഐ ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണു ഹര്‍ജി. ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഐ ക്യാമറ വരുന്നതിനു മുന്‍പും ഹര്‍ജിക്കാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിവേദനം നല്‍കിയിരുന്നു. പക്ഷേ, പരിഗണിച്ചില്ല.
തങ്ങള്‍ താമസിക്കുന്ന ഭാഗത്തുനിന്നു മൂവാറ്റുപുഴ ടൗണിലേക്കു പതിവായി പൊതുഗതാഗത മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമാണ് ആശ്രയമെന്നും ഹര്‍ജിയില്‍ അറിയിച്ചു. മൂവാറ്റുപുഴ ആര്‍ടിഒ പരിധിയിലുള്ള മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ പൊലീസ് മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി പറഞ്ഞു. ഹെല്‍മറ്റ് വയ്ക്കുന്നത് ജീവന്‍ സംരക്ഷിക്കാനാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഹര്‍ജിക്കാര്‍ക്ക് ഒഴിവ് നല്‍കാനാവില്ല- കോടതി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ