ഗള്‍ഫിലേക്ക് പോകാനിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
ബേക്കല്‍: ബുധനാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള ഇന്ദിരാ നഗര്‍ പൊടിപ്പള്ളത്തെ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന തസ്ലീമയെയാണ് (26) ദുരൂഹ സാഹചര്യത്തില്‍ പള്ളിക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഗള്‍ഫിലായിരുന്ന തസ്ലീമ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇവര്‍ക്ക് 10 വയസ്സുള്ള ഒരു മകളുണ്ട്. സഹോദരിയുടെ കൂടെ മകളെ നിര്‍ത്തിയാണ് ഇവര്‍ ഗള്‍ഫില്‍ ജോലിചെയ്ത് വന്നിരുന്നത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മംഗ്ലൂര്‍ സ്വദേശിനിയായ യുവതി വര്‍ഷങ്ങളായി കാസര്‍കോടാണ് താമസിച്ചുവന്നിരുന്നത്.
യുവതിയുടെ മരണ വിവരമറിഞ്ഞ് സഹോദരങ്ങള്‍ കാസര്‍കോട്ട് എത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് തലശ്ശേരി ഭാഗത്തു ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്ക് രണ്ടാം ഭര്‍ത്താവ് ഉണ്ടെന്നും ഇയാളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കുമെന്നും രാവിലെ തസ്ലീമ ഒരു ബന്ധുവിനെ വിളിച്ച് പറഞ്ഞതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
ഇതിന് തൊട്ടുപിന്നാലെയാണ് വൈകിട്ടോടെ യുവതിയെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ പള്ളിക്കരയില്‍ കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. യുവതി ഏത് ട്രെയിനില്‍ നിന്നാണ് വീണതെന്നകാര്യം വ്യക്തമായിട്ടില്ല.
യുവതിയുടെ കൂടെ മറ്റാരെങ്കിലും യാത്ര ചെയ്തിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും അതുകൊണ്ടു തന്നെ ഇതേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നും ബേക്കല്‍ പൊലീസ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ