തിരുവനന്തപരം : ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപത്താണ് ന്യുന മർദ്ദം രൂപപ്പെട്ടത്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതായും ഈ സാഹചര്യത്തിൽ കേരളത്തിലും മഴ കനക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക
കേരളത്തിൽ കാലവര്‍ഷമെത്തിയെന്ന് അറിയിപ്പ് ലഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണക്ക്. വയനാട് ജില്ലയിൽ 81 ശതമാനം കുറവുണ്ടായി. ഇടുക്കിയില്‍ ഇത് 73% ശതമാനം ആണ്. കാലവർഷ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാസർകോട് ജില്ലയിൽ ഇതുവരെ 74 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ