തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും അമേരിക്കൻ, ക്യൂബ യാത്രകൾക്ക് കേന്ദ്ര സർക്കാറിന്‍റെ അനുമതി. ലോകകേരള സഭയുടെ മേഖല സമ്മേളനവും ലോക ബാങ്ക് പ്രതിനിധികളുമായുള്ള ചർച്ചകളുമാണ് അമേരിക്കൻ സന്ദർശനത്തിന്‍റെ അജണ്ട. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള വിദേശ യാത്രക്കെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തുമെന്നുറപ്പാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്. അടുത്ത മാസം 7 മുതൽ 18 വരെയാണ് യുഎസ്, ക്യൂബ സന്ദർശനം. അടുത്തിടെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ യുഎസ് യാത്രക്കും അനുമതി കിട്ടുമോ എന്ന സംശയമുണ്ടായിരുന്നു. ന്യൂയോർക്കിലാണ് ലോക് കേരള സഭാ മേഖലാ സമ്മേളനം. യുഎസ് യാത്രയിൽ പിണറായി വിജയനൊപ്പം സ്പീക്കർ എ.എൻ ഷംസീറും ധനമന്ത്രി കെഎൻ ബാലഗോപാലും ഉണ്ട്. ചീഫ് സെക്രട്ടറി അടക്കം 7 ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ആരോഗ്യമേഖലയിലെ നേട്ടങ്ങൾ വിലയിരുത്താനാണ് ക്യൂബ സന്ദർശനം. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രിയും ക്യൂബക്ക് പോകുന്നുണ്ട്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ 7 ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. യാത്രയുടെ മുഴുവൻ ചെലവും ഖജനാവിൽ നിന്ന്
അമേരിക്ക സന്ദര്‍ശനത്തിന് 100 ഡോളറും ക്യൂബൻ സന്ദർശനത്തിന് 75 ഡോളറും ആണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ദിനബത്ത. പേഴ്സണൽ അസിസ്റ്റന്റിന്റെ ചെലവ് സര്‍ക്കാരും മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുന്ന ഭാര്യയുടെ ചെലവ് സ്വയം വഹിക്കുമെന്നുമാണ് ഉത്തരവ് വിശദീകരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് മൂലം കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശയാത്രയെ പ്രതിപക്ഷം വിമർശിക്കുമെന്നുറപ്പാണ്. ഇതുവരെയുള്ള വിദേശാ യാത്രകൾ കൊണ്ടും ലോക കേരളസഭ ചേരുന്നതും കാരണം കാശ് പോകുകയല്ലാതെ പ്രയോജനമൊന്നുമില്ലെന്ന ആക്ഷേപം നേരത്തെ യുഡിഎഫ് ഉയർത്തിയിരുന്നു.
നേരത്തെ, കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി തേടിയത്. എന്നാല്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള
സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു.
മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ട് പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യ മന്താലയം കേരളത്തെ അറിയിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ