കമ്പം: തമിഴ്നാട്ടിലെ കമ്പം ടൗണിലെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുളള ദൗത്യത്തിന് അൽപസമയത്തിനകം തുടക്കം. കമ്പം ഭാഗത്ത് നിന്നും എട്ടുകിലോമീറ്റർ അകലെയുള്ള ചുരുളിപ്പെട്ടി ഭാഗത്താണ് ആന നിലവിലുള്ളത്. ആന നിൽക്കുന്ന സ്ഥലം കൃത്യമായി വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചു. അതേസമയം, എത്രയും വേഗം ആനയെ മയക്കുവെടി വെക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഇന്നലെ ബൈപ്പാസിനടുത്താണ് ആന ഉണ്ടായിരുന്നത്. ദൗത്യത്തുള്ള കുങ്കിയാനകളെ എത്തിച്ചു. ആനമാല സ്വയംഭൂ, മുത്തു, ഉദയന്‍ എന്നീ കുങ്കിയാനകളാണ് തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊമ്പനെ പിടികൂടി വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.
ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക. അതേസമയം, ആന ഇപ്പോഴത്തെ നിലയിൽ നിന്ന് മാറാതെ നോക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ