ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങൾ ദേശീയപതാകയേന്തി മാർച്ച് തുടങ്ങി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് മാർച്ച്. ബാരിക്കേഡിന് മുകളിലൂടെ താരങ്ങൾ പുറത്തേക്ക് കടന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലംപ്രയോഗിച്ചതോടെ സംഘർഷം ഉടലെടുത്തു. സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ കസ്റ്റിഡിയിലെടുത്തത്. ബസിൽനിന്ന് ഇറങ്ങിയ സാക്ഷിയെ വീണ്ടും ബലം പ്രയോഗിച്ച് അകത്തേക്കു കയറ്റി.
ഒരുകാരണവശാലും പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന് ഡൽഹി കമ്മീഷണർ വ്യക്തമാക്കി. രാവിലെ പതിനൊന്നരയോടെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധമാർച്ച് ആരംഭിച്ചത്. ‘സമാധാനപരമായാണ് ഞങ്ങൾ മാർച്ച് നടത്തുന്നത്. പൊലീസ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഞങ്ങളും ഈ രാജ്യത്തെ പൗരന്മരാണ്’. ഗുസ്തി താരം ബജ്ങംഗ് പുനിയ മാർച്ചിന് മുൻപായി മാധ്യമങ്ങളോട് പറഞ്ഞു. സമരക്കാർക്ക് പിന്തുണ അർപ്പിക്കാനെത്തിയ കർഷക നേതാക്കളെ അംബാല അതിർത്തിയിൽ പൊലീസ് തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു പിന്നാലെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധ പരിപാടി കണക്കിലെടുത്ത് ഔട്ടർ ഡൽഹിയിൽ താത്ക്കാലിക ജയിൽ സ്ഥാപിപിച്ചിരുന്നു. ലൈംഗികാതിക്രമത്തിൽ ബ്രിജ്ഭൂഷൺ സിങിനെതിരെ നടപടിയാവശ്യപ്പെട്ട് സമരരംഗത്തുള്ള ഗുസ്തി താരങ്ങൾ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ ‘മഹിളാ സമ്മാൻ മഹാപഞ്ചായത്ത്’ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകൾ ഇവിടേക്ക് എത്തിച്ചേരുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ