കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്‌റ്റ് കേടായ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി, ചുമതല അഡിഷണല്‍ ഡയറക്‌ടര്‍ക്ക്
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായിട്ടും ആരോഗ്യ വകുപ്പിനെ അറിയിക്കാതിരുന്നത് സംബന്ധിച്ചും ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കാതിരുന്നത് സംബന്ധിച്ചും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളെ സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നതിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സിന്‍റെ ചുമതലയുള്ള അഡിഷണല്‍ ഡയറക്‌ടര്‍ ഡോ. ജോസ് ഡിക്രൂസിനാണ് അന്വേഷണ ചുമത. ലിഫ്റ്റ് അടിയന്തരമായി പുനഃസ്ഥാപിക്കാനും അതിന്‍റെ സാങ്കേതികമായ മറ്റ് കാര്യങ്ങള്‍ അടിയന്തരമായി പരിശോധിക്കുന്നതിനും വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ മരിച്ച ആളുടെ മൃതദേഹം ചുമട്ടു തൊഴിലാളികള്‍ ചുമന്നു താഴെ എത്തിച്ചത് വന്‍ വിവാദമായിരുന്നു. പിന്നാലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജില്ല ജഡ്‌ജിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ലിഫ്റ്റ് തകരാറുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനം. വിഷയത്തില്‍ ജില്ല സബ് ജഡ്‌ജ് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ജില്ല സബ് ജഡ്‌ജ് ബി കരുണാകരന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദര്‍ശിച്ചത്. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്ന ദുരിതം അദ്ദേഹം നേരിട്ട് കണ്ട് വിലയിരുത്തി. ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി ഒരു മാസം കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇനിയും കാലതാമസമെടുക്കുമെന്ന് മാത്രമാണ് ആശുപത്രി സൂപ്രണ്ടിന്‍റെ മറുപടി. ലിഫ്‌റ്റിന്‍റെ തകരാര്‍ ഇനിയും പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ