കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജി കേരള ഹൈക്കോടതി തള്ളി. യുക്തിവാദി സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ്(എൻ.ആർ.സി) നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബെഞ്ച് തള്ളിയത്. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
എൻ.ആർ.സിക്കു പുറമെ ടി.എം ആരിഫ് ഹുസൈൻ, നൗഷാദ് അലി, ഷാഹുൽ ഹമീദ്, യാസീൻ എൻ., കെ. അബ്ദുൽ കലാം എന്നിവരും ഹരജിയിൽ പങ്കാളികളാണ്. 18 വയസിനുമുൻപ് ചേലാകർമം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളുടെ പച്ചയായ ലംഘനമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും ചെയ്യണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.കോടതി നിയമനിർമാണ സമിതിയല്ലെന്ന് ഹരജി തള്ളിക്കൊണ്ട്
ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി. പരാതിക്കാർക്ക് അവരു
പരാതിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർത്ഥിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുനൈറ്റഡ് നേഷൻസ് കൺവൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ചൈൽഡ്, ഇന്റർനാഷനൽ കവനെന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്‌സ് തുടങ്ങി കുട്ടികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളും പ്രമേയങ്ങളും കൂട്ടിച്ചേർത്തായിരുന്നു പരാതിക്കാർ ഹരജി നൽകിയത്. ചേലാകർമം നിർബന്ധിത മതകർമമല്ലെന്നും ഹരജിയിൽ വാദിക്കുന്നു. രക്ഷിതാക്കൾ ഏകപക്ഷീയമായി കുട്ടികൾക്കുമേൽ അടിച്ചേൽപിക്കുന്നതാണിതെന്നും പരാതിക്കാർ ആരോപിച്ചു.
ചേലാകർമം നടത്തിയാൽ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിലെ പഠനവും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രതിമൂർച്ഛ വേഗത്തിൽ ലഭിക്കില്ലെന്നും സ്ത്രീ പങ്കാളികൾ ലൈംഗികമായി അസംതൃപ്തരാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ വാദിച്ചു.
ചേലാകർമ്മം വാഹനാപകടങ്ങൾക്ക് വരെ കാരണമാകുന്നുണ്ടെന്ന് ഹർജി അവകാശപ്പെടുന്നു. മാനസികാഘാതം, നിസ്സഹായത, മരണത്തിന് വരെ കാരണമാകുന്ന ഗുരുതരമായ മുറിവ് എന്നിവയ്ക്ക് ചേലാകർമ്മം കാരണമാകുന്നുണ്ട്. ലൈംഗികോപദ്രവം, ശാരീരികോപദ്രവം, ഗാർഹികപീഡനം, സമുദായ പീഡനം, മെഡിക്കൽ ട്രോമ, വാഹനാപകടം എന്നിവയ്ക്കും കാരണമാകുന്നു. ശൈശവകാലത്തെ മാനസികാഘാതം വൈകാരിക പ്രതിബന്ധങ്ങൾക്കും വഴിവയ്ക്കുന്നു- ഹർജിയിൽ ആരോപിച്ചു.
ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതോടൊപ്പം കേന്ദ്ര സർക്കാർ നടപടി നിരോധിച്ചുകൊണ്ട് നിയമം തയാറാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരായ ജീവേഷ്, സാബു എം. ഫിലിപ്പ്, പി. ഷഹീൻ, ആകാശ് എസ് എന്നിവരാണ് ഹരജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ കെ.പി ഹരീഷും കേന്ദ്ര സർക്കാരിനു വേണ്ടി കൗൺസൽ ബി. പ്രമോദും നിലപാട് വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ