"തിരുവനന്തപുരം ∙ വെള്ളം മുടങ്ങിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ തടസ്സപ്പെട്ടു. രാവിലെ നിശ്ചയിച്ച 25 ശസ്ത്രക്രിയകളാണ് തടസ്സപ്പെട്ടത്. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസം കാരണമാണ് ജലവിതരണം മുടങ്ങിയത്. ആശുപത്രിയിലേക്ക് 10 ടാങ്കറുകളിൽ വെള്ളം എത്തിക്കാനുള്ള അടിയന്തര നടപടിയെടുത്തതായി വാട്ടർ അതോറിറ്റി അറിയിച്ചു.
രാവിലെ ശസ്ത്രക്രിയയ്ക്ക് തയാറെടുത്തു വന്നവരോട് വെള്ളം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗികൾ ഇതോടെ വലഞ്ഞു. എപ്പോൾ വെള്ളം എത്തുമെന്ന് അധികൃതർക്കും നിശ്ചയമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ ബദൽ മാർഗങ്ങൾ ഏർപ്പെടുത്താമെന്ന അറിയിപ്പ് ലഭിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസും വിഷയത്തിൽ ഇടപെട്ടു. ആദ്യഘട്ടത്തിൽ 10 ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ മന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.
ഇന്നലെ വൈകുന്നേരവും രാത്രിയിലുമായി 3 തവണ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ജനറൽ ആശുപത്രിയിലെ പ്രശ്നം മനസിലാക്കിയ ഉടനെ ആവശ്യമായ വെള്ളം എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. അരുവിക്കരയിൽനിന്നുള്ള പമ്പിങ് ആരംഭിച്ചിട്ടുണ്ട്. ജനറൽ ആശുപത്രി ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും വൈകുന്നേരത്തോടെ വെള്ളം ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ