മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണവേട്ട. മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നും 2358 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ കൊണ്ടുവന്നത് കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ എത്തിച്ചേർന്ന മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക് മുപ്പിനിക്കാടൻ (31), കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 894 ഇൽ എത്തിച്ചേർന്ന കോഴിക്കോട് അടിവാരം സ്വദേശി നൗഷാദ് അലി എന്നിവർ ആണ് പിടിയിലായത്. ഇവർ സ്വർണ്ണം മിശ്രിത രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. യഥാക്രമം 1272 ഗ്രാം, 1086 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം നാലു വീതം ക്യാപ്സ്യൂളുകൾ ആണ് കസ്റ്റംസ് ഇവരിൽ നിന്ന് പിടികൂടിയത്.
മലപ്പുറം പൂന്താനം സ്വദേശി ചോലക്കൽ ഷഫീക് പിടിയിലായ മൂന്നാമത്തെ യാത്രക്കാരൻ.
എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ലൈറ്റ് നമ്പർ IX 398 ഇൽ ജിദ്ദയിൽ നിന്നും എത്തിച്ചേർന്ന ഇയാളെ കസ്റ്റംസ് സംശയത്തെ തുടർന്ന് ചോദ്യം ചെയ്തു. അയാൾ കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോൾ ആണ് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച സ്വർണ്ണ ബിസ്ക്കറ്റ് കണ്ടെത്തിയത്.
1499 ഗ്രാം തൂക്കം വരുന്നതും 85,74,280 രൂപ വിപണി മൂല്യം ഉള്ളതുമായ 9 സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളിൽനിന്ന് പിടികൂടിയത്.
മറ്റൊരു കേസിൽ വിദേശത്തേക്ക് രേഖകളില്ലാതെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുഎഇ ദിർഹം ആണ് പിടികൂടിയത്. മസ്കറ്റിലേക്ക് ഫ്ലൈറ്റ് നമ്പർ WY 298ൽ പോകാനെത്തിയ കാസറഗോഡ് ജില്ലക്കാരനായ മുഹമ്മദ് അലി നടത്തിൽ (53) എന്ന യാത്രക്കാരനിൽ നിന്നും 17430 യുഎഇ ദിർഹം ആണ് കസ്റ്റംസ് കണ്ടെത്തി പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണത്തിന്റെ ആകെ മൂല്യം 2.2 കോടിയിലധികം വരും. സ്വർണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചേക്കുന്ന പ്രവർത്തികളും ഈ നാല് കേസുകളിലും വിശദമായ തുടരന്വേഷണവും കസ്റ്റംസ് ആരംഭിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ