ന്യൂഡല്‍ഹി: വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ദിനേഷ് എസ് ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹി വിമാനത്താവളത്തിലുണ്ടായ ഒരു അനുഭവമായിരുന്നു ഠാക്കൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്.
ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലെ ഒരു കടയില്‍നിന്ന് ഒരു പാക്കറ്റ് ച്യൂയിങ് ഗം വാങ്ങാന്‍ പോയപ്പോള്‍ അവര്‍ തന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചുവെന്നും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് മറുപടി നല്‍കിയെന്നും ദിനേഷ് എസ് ഠാക്കൂര്‍ ട്വീറ്റില്‍ പറയുന്നു. തുടര്‍ന്ന് താന്‍ ച്യൂയിങ് ഗം വാങ്ങാതെ മടങ്ങിയെന്നും ഠാക്കൂര്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു
അതേസമയം, സഹയാത്രികരില്‍ പലരും യാതൊരു എതിര്‍പ്പും കാണിക്കാതെ കടക്കാര്‍ക്ക് മൊബൈല്‍ നമ്പര്‍ നല്‍കി എന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഠാക്കൂര്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. ഠാക്കൂറിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായാണ്, വ്യക്തവും ന്യായവുമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കരുതെന്ന് മന്ത്രി പറഞ്ഞത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ