ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ബസ് ക്ലീനർ മരിച്ചു. അതേസമയം ബസിലുണ്ടായിരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്. പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് വിവരം.
തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ കോളേജിലെ ജിയോളജി വിഭാഗത്തിലെ വിദ്യർഥികളാണ് പഠനയാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയത്. സാഗർ സെൻട്രൽ സർവകലാശാല സന്ദർശിക്കാനായി 72 വിദ്യാർഥികളും ആറ് അധ്യാപകരും ട്രെയിനിൽ സാഗറിലെത്തി. ഇവിടെനിന്ന് രണ്ടു ബസുകളിലായി കട്നിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ഒരു ബസ് അപകടത്തിൽപ്പെട്ടത്.
അവസാന വര്‍ഷ ജിയോളജി ബിരുദ വിദ്യാര്‍ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ച ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘത്തിന് ചികിത്സയടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
അപകടം നടന്ന കട്നിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ പാണയിലെ പോലീസ് സൂപ്രണ്ട് നേരിട്ടുതന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. രക്ഷിതാക്കളും സഹപാഠികളും ഒരു നിലക്കും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. മധ്യപ്രദേശിൽ ഇന്നലെ മാത്രം മൂന്നിടത്താണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സഹായിച്ചു. എന്നാൽ ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസിന്റെ ക്ലീനറെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ