പട്ന: പൊലീസിനെക്കണ്ട് മദ്യമാഫിയ സംഘത്തലവൻ മുങ്ങിയതോടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പൊലീസ്. ബിഹാറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയായിരുന്നു ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയത്.
എന്നാല്‍ പൊലീസെത്തുന്നതിന് മുൻപ് തന്നെ കുടുംബവുമായി അമിത് മല്ല സ്ഥലംവിട്ടിരുന്നു. വീട്ടിൽ ഒരു തത്തമാത്രം കൂട്ടിൽ ഉണ്ടായിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്.മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പൊലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു.
‘തത്തേ, നിന്റെ ഉടമ എവിടെ പോയി? മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?’ എന്നിങ്ങനെയായിരുന്നു തത്തയോടുള്ള പൊലീസ് ചോദ്യങ്ങള്‍. തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് എസ്.ഐ. കനയ്യ കുമാർ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ