ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്നലെ രാത്രി ഒൻപതിനു പ്രദർശിപ്പിക്കുമെന്ന ഇടതു വിദ്യാർഥി യൂണിയൻ പ്രഖ്യാപിച്ചതിന്റെ പേരിൽ അധികൃതർ വൈദ്യുതിയും വൈഫൈയും വിഛേദിച്ചതോടെയാണ് ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) സ്ഥിതി സംഘർഷാത്മകമായത്. ബദൽനീക്കമായി ലാപ്ടോപ്പുകളിലും മൊബൈൽ ഫോണുകളിലും ഡോക്യുമെന്ററി കാണാനായി ക്യുആർ കോഡ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. യൂണിയൻ ഓഫിസിനു സമീപം ഇത്തരത്തിൽ ഡോക്യുമെന്റി കണ്ടുകൊണ്ടിരുന്നവർക്കു നേരെയാണ് കല്ലേറുണ്ടായത്.
ഹൈദരാബാദ് സർവകലാശാലാ ക്യാംപസിൽ ഞായറാഴ്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ച സംഭവത്തിൽ അധികൃതർ ക്യാംപസ് സുരക്ഷാവിഭാഗത്തോടു റിപ്പോർട്ട് തേടി. എബിവിപി ഭാരവാഹികൾ റജിസ്ട്രാർക്കു പരാതി നൽകിയതിനു പിന്നാലെയാണു നടപടി. കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ മുന്നറിയിപ്പു നൽകി. പ്രദർശനം ഇന്നു വൈകിട്ടു ക്യാംപസിനു സമീപം നടത്താനാണ് എസ്എഫ്ഐ തീരുമാനം.
ലോകത്ത് ഓൺലൈൻ സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ ശേഖരിച്ചുസൂക്ഷിക്കുന്ന യുഎസിലെ ഇന്റർനെറ്റ് ആർക്കൈവ് കഴിഞ്ഞദിവസം ഡോക്യുമെന്ററി തങ്ങളുടെ സംവിധാനത്തിൽനിന്ന് ഒഴിവാക്കി. ഇതു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടാണോയെന്നു വ്യക്തമല്ല. ഡോക്യുമെന്ററിയെക്കുറിച്ച് അറിയില്ലെന്നാണ് തിങ്കളാഴ്ച വാർത്താസമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മറുപടി നൽകിയത്. അതേസമയം, ഇരു ജനാധിപത്യ രാജ്യങ്ങളും പൊതുവായി പങ്കുവയ്ക്കുന്ന മൂല്യങ്ങളെക്കുറിച്ചു തങ്ങൾക്കു ബോധ്യമുണ്ടെന്നും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ