കൊച്ചി: പ്രശസ്ത തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമീപിച്ചത്. 1991 മേയിൽ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.
നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ ന്യൂസ് 18നോട് പറഞ്ഞു. ”ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്”- ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആർ വി ബാബു പറയുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ