ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മഹാലക്ഷ്മി പുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം ബ്രഹ്‌മ കലശോത്സവം ഞായറാഴ്ച ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കാസര്‍കോട് : ചട്ടഞ്ചാല്‍ മഹാ ലക്ഷ്മിപുരം ശ്രീ മഹിഷമര്‍ദ്ദിനി ക്ഷേത്രത്തില്‍ ജനുവരി 22 ന് ആരംഭിക്കുന്ന ബ്രഹ് മകലശ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആറ് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിലെ മുഖ്യചടങ്ങായ ബ്രഹ്‌മ കലശാഭിഷേകം ജനുവരി 27 ന് വെള്ളിയാഴ്ച രാവിലെ മുതല്‍ നടക്കും.

ക്ഷേത്ര തന്ത്രി ബ്രഹ്‌മശ്രീ ഉളിയത്തായ വിഷ്ണു ആസ്രയുടെ നേതൃതത്തില്‍ നടക്കുന്ന താന്ത്രിക ചടങ്ങുകള്‍ക്ക് പുറമെ വിവിധ കലാ- സാംസ്‌ക്കാരിക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. 22 ന് ആലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം അമരാപുരി വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കലവറഘോഷയാത്രയോടേയാകും ആഘോഷങ്ങള്‍ക്ക് തുടങ്ങുക. 23 ന് രാവിലെ ആയിരത്തോളം പേര്‍ പങ്കാളികളാകുന്ന സമൂഹ ലളിത സഹസ്രനാമാര്‍ച്ചന. തുടര്‍ന്ന് മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 24ന് രാവിലെ എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി സ്വാമിജിയുടെ സന്ദര്‍ശനവും അനുഗ്രഹ പ്രഭാഷണവും. 26ന് വൈകിട്ട് 5 മണിക്ക് സാംസ്‌ക്കാരിക സദസില്‍ തന്ത്രി ഭദ്രദീപം തെളിയിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. സിഎച്ച് കുഞ്ഞമ്പു എം എല്‍എ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിശിഷ്ടാതിഥിയായി സംബന്ധിക്കും.


ജില്ലയുടെ നാനാഭാഗത്തു നിന്നുമായി ധാരാളം ഭക്തജനങ്ങള്‍ ആഘോഷ ദിവസങ്ങളില്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം രണ്ടുനേരം അന്നദാനം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

പത്രസമ്മേളനത്തില്‍ എ ഗോപിനാഥന്‍ നായര്‍, ഇ കുഞ്ഞമ്പു നായര്‍, ശ്രീധരന്‍ മുണ്ടോള്‍, എം കൃഷ്ണന്‍ നായര്‍ പൊയിനാച്ചി, പ്രദീപ് തെക്കുംകര എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍