മേല്‍പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് പിഴയടക്കാന്‍ സാധിക്കാത്തതിനാല്‍ കോടതി 15 ദിവസത്തെ തടവിന് ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിതാവിനെ കാസര്‍കോട് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറില്‍ 2022 ജൂണ്‍ മൂന്നിന് എസ്‌ഐ സിവി രാമചന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി കെഎല്‍ 14 എല്‍ 310 നമ്പര്‍ സ്‌കൂടര്‍ ഓടിച്ച് വരുന്നതായി കണ്ട് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹന ഉടമയായ പിതാവിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടിയുടെ ജീവനും പൊതുജനങ്ങളുടെ ജീവനും അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കി എന്നതിന് വാഹന ഉടമയുടെ പേരില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും മോടോര്‍ വാഹന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ ടി ഉത്തംദാസ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.
ശനിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് കിട്ടിയ വാഹന ഉടമയായ പ്രതി സിഎ മുഹമ്മദലി (57) കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയതില്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് സി ദീപു 25000 രൂപ പിഴശിക്ഷ വിധിച്ചുവെങ്കിലും പിഴയടക്കാത്തതിനാല്‍ 15 ദിവസത്തേക്ക് തടവിന് ശിക്ഷിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. കോടതിയുടെ ഈ വിധി കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന മറ്റു രക്ഷിതാക്കള്‍ക്കും പാഠമാകുമെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ