തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍സോണ്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നത്. ബഫര്‍ സോണ്‍ വിഷയം കൂടാതെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ചും വായ്പാ പരിധി ഉയര്‍ത്തല്‍ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയേക്കും. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
ഡിസംബര്‍ 27, 28 തിയ്യതികളില്‍ മുഖ്യമന്ത്രി ദില്ലിയിലുണ്ട്. സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി രാജ്യതലസ്ഥാനത്ത് എത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായിട്ടുളള കൂടിക്കാഴ്ചയ്ക്കും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി വിപി ജോയിയും മുഖ്യമന്ത്രിയെ അനുഗമിക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. വിഷയത്തില്‍ കേന്ദ്രം ഇടപെടണം എന്നുളള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെയാണ് വിഷയം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുളള മുഖ്യമന്ത്രിയുടെ നീക്കം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതി കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ കാത്ത് കിടക്കുകയാണ്. കെ റെയില്‍ പദ്ധതി മരവിപ്പിച്ചതായുളള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. പദ്ധതി മരവിപ്പിച്ചുവെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ നിഷേധിച്ചിരുന്നു. പദ്ധതിയുടെ ഡിപിആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അനുമതി വൈകിപ്പിച്ചാലും എന്നായാലും കേന്ദ്രം അനുമതി നല്‍കിയേ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ