ദില്ലി: ചാരവനിതയെന്ന് സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ചൈനീസ് യുവതിയെ വിട്ടയച്ചു. ദലൈാലാമയെ പിന്തുടര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് സംശയിച്ചായിരുന്നു ബീഹാറിലെ ഗയയില്‍ വെച്ച് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാറില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ചൈനയില്‍ നിന്നും എത്തിയ യുവതിയെ വിസ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനയിലേക്ക് തിരിച്ചയക്കും.
സോംഗ് ഷിയോലാന്‍ എന്ന യുവതിയെ ആണ് ചാരവനിതയായി പോലീസ് സംശയിച്ചത്. ദലൈലാമയെ കുറിച്ചുളള വിവരങ്ങള്‍ ചോര്‍ത്താന്‍ എത്തിയെന്ന് സംശയിക്കപ്പെട്ട യുവതിയുടെ രൂപരേഖ ഇന്ന് രാവിലെ പോലീസ് പുറത്ത് വിട്ടിരുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി പ്രദേശവാസികളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സോംഗ് ഷിയോലാനെ തിരിച്ചറിഞ്ഞത്.
ഒരുവര്‍ഷത്തിലധികമായി സോംഗ് ഷിയോലാന്‍ ഇന്ത്യയിലുണ്ട്. ബോധ് ഗയ അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇവര്‍ താമസിച്ച് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇവര്‍ ഇത്രയും നാളായി ഇന്ത്യയില്‍ തങ്ങുന്നത് സംബന്ധിച്ച് യാതൊരു രേഖയും വിദേശകാര്യ മന്ത്രാലയത്തിന്റെ പക്കലില്ല. ബോധ് ഗയയിലേക്ക് ദലൈലാമ എല്ലാ വര്‍ഷവും എത്താറുളളതായിരുന്നു. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ രണ്ട് വര്‍ഷം മുടങ്ങിക്കിടന്ന യാത്ര ഈ വര്‍ഷമാണ് പുനരാരംഭിച്ചത്. ദലൈലാമയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് മഹാബോധി ക്ഷേത്ര സമുച്ചയത്തിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 31 വരെ ദലൈലാമ ഇവിടെയുണ്ട്. ഇന്ന് രാവിലെ കാല്‍ ചക്ര മൈതാനത്ത് ദലൈലാമ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. 31 വരെ രാവിലെ ഇത് തുടരും. കാല്‍ ചക്ര മൈതാനത്തിന് പുറത്ത് വെച്ചാണ് ചൈനീസ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 2019ലാണ് സോംഗ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ചൈനയിലേക്ക് തിരിച്ച് പോയിരുന്നു. വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സോംഗ് ഏതാനും ദിവസങ്ങള്‍ നേപ്പാളിലേക്കും പോയിരുന്നു. അതിന് ശേഷമാണ് ബോധ് ഗയയില്‍ എത്തിയത്. വിവാഹ മോചിതയായ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ