ലണ്ടന്‍: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയായതു മുതല്‍ യൂറോപ്പിലെ ചില മാധ്യമങ്ങള്‍ നിരന്തരം ഖത്തര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഖത്തറിലെ തൊഴില്‍ പീഡനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കികൊണ്ടിരുന്നു. ഒടുവില്‍ സ്‌റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചും വാര്‍ത്തകള്‍ വന്നു.
ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഉദ്ഘാടന പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യാതെ ബിബിസി വിട്ടുനിന്നതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറിച്ചുള്ള വിവരമാണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ അറിയാം.
ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഖത്തല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍. ആദ്യമല്‍സരത്തില്‍ അര്‍ജന്റീന സൗദിയോട് തോറ്റതും അതേ അര്‍ജന്റീന പിന്നീട് തുടര്‍ച്ചയായി ജയിച്ച് കപ്പ് ഉയര്‍ത്തുന്നതും ലോകം കണ്ടു. ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് മല്‍സരം എന്ന നിലയിലും ചര്‍ച്ചയായി ഖത്തറിലെ മല്‍സരങ്ങള്‍.
ഖത്തറിന്റെ സംഘാടന മികവ് പലരും എടുത്തുപറഞ്ഞു. ഫിഫ പ്രസിഡന്റ് ഖത്തര്‍ ഭരണകൂടത്തെ വാനോളം പുകഴ്ത്തുന്നതിനും ലോകം സാക്ഷിയായി. ഇത്രയും മികച്ച ഫുട്‌ബോള്‍ മല്‍സരങ്ങളും സംഘാടനവും കണ്ടിട്ടില്ലെന്ന് പറഞ്ഞവരും നിരവധി. കായിക മല്‍സരങ്ങള്‍ പശ്ചിമേഷ്യയിലേക്ക് മാറ്റണമെന്ന പീറ്റേഴ്‌സന്റെ വാക്കുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കഴിഞ്ഞ പിന്നാലെയാണ് ബിബിസി പുതിയ സര്‍വ്വെ സംഘടിപ്പിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏത് എന്നായിരുന്നു ചോദ്യം. ഏറ്റവും കൂടുതല്‍ പേര്‍ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത് ഖത്തറില്‍ നടന്ന മല്‍സരങ്ങള്‍ക്കാണ്. 78 ശതമാനം പേര്‍ ഖത്തര്‍ ടൂര്‍ണമെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
മറ്റു രാജ്യങ്ങളില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, ഖത്തറിന് ലഭിച്ച വോട്ടിനേക്കാള്‍ എത്രയോ പിന്നിലാണ് മറ്റു മല്‍സരങ്ങള്‍. 2002ല്‍ ജപ്പാനും സൗത്ത് കൊറിയയും സംയുക്തമായിട്ടാണ് മല്‍സരങ്ങള്‍ക്ക് വേദിയായത്. ഈ രാജ്യങ്ങള്‍ക്ക് 6 ശതമാനം വോട്ടാണ് ലഭിച്ചത്. 2014ലെ ടൂര്‍ണമെന്റിന് 5 ശതമാനം വോട്ട് ലഭിച്ചു. 2006, 2010, 2018 എന്നീ വര്‍ഷങ്ങളിലെ മല്‍സരങ്ങളാണ് ശേഷമുള്ള സ്ഥാനങ്ങളില്‍.
ഖത്തറില്‍ കര്‍ശന നിയമങ്ങളാണെന്നും ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണെന്നുമുള്ള പ്രചാരണമുണ്ടായിരുന്നു. മദ്യം ലഭിക്കില്ല എന്നതും വലിയ ചര്‍ച്ചയായി. സ്വതന്ത്ര സെക്‌സിന് അവസരമുണ്ടാകില്ല എന്നതും ഖത്തറിനെതിരായ പ്രചാരണ വിഷയമായി. മാന്യമായ വസ്ത്രം ധരിക്കണമെന്ന ഖത്തര്‍ ഭരണകൂടത്തിന്റെ നിര്‍ദേശം മറ്റുപല രീതിയിലേക്കും വലിച്ചിഴച്ചു. എന്നാല്‍ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഖത്തറിനെ പുകഴ്ത്തുകയാണ് എല്ലാവരും ചെയ്തത്.
ചെറിയ രാജ്യമാണ് ഖത്തര്‍. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന മല്‍സരത്തിന് വേദിയാകാന്‍ ഖത്തറിന് സാധിക്കുമോ എന്ന ചോദ്യം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. എട്ട് സ്‌റ്റേഡിയങ്ങള്‍ ഖത്തര്‍ നിര്‍മിച്ചു. ഒന്ന് കണ്ടെയ്‌നറുകള്‍ കൊണ്ടുള്ളതായിരുന്നു. ഈ സ്‌റ്റേഡിയം മല്‍സരം കഴിഞ്ഞ ഉടനെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു. കോടികള്‍ ചെലവഴിച്ചു. ഖത്തറിനെ സംഘാടന മികവിനെയാണ് എല്ലാവരും പിന്നീട് പുകഴ്ത്തിയത്.
അമീര്‍ ശൈഖ് തമീം മെസ്സിയെ ബിഷ്ത് ധരിപ്പിച്ചത് ഖത്തറിന്റെ ആദരസൂചകമായിട്ടായിരുന്നു. എന്നാല്‍ ഇതും വിവാദമായി. കറുത്ത വസ്ത്രം ജേഴ്‌സി മറയ്ക്കുന്ന രീതിയില്‍ ധരിപ്പിച്ചു എന്നായിരുന്നു വിമര്‍ശനം. ഖത്തറിനെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത് എന്ന് ഒരുവേള അമീര്‍ പ്രതികരിക്കുകയും ചെയ്തു. എല്ലാം കഴിയുമ്പോള്‍ ബിബിസി സര്‍വ്വെയില്‍ ജനങ്ങള്‍ ഖത്തര്‍ ടൂര്‍ണമെന്റ് നൂറ്റാണ്ടിലെ മല്‍സരമായി തിരഞ്ഞെടുക്കുമ്പോള്‍ പരാജയപ്പെടുന്നത് മറ്റു രീതിയിലുള്ള പ്രചാരകരാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ