ശബരിമല മറ്റു ക്ഷേത്രങ്ങൾ പോലെയല്ല; വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും ഒരുപോലെ വരാം'; മന്ത്രി കെ. രാധാകൃഷ്ണൻ
‘ശബരിമല മറ്റു ക്ഷേത്രങ്ങൾ പോലെയല്ല; വിശ്വാസിയ്ക്കും അവിശ്വാസിയ്ക്കും ഒരുപോലെ വരാം’; മന്ത്രി കെ. രാധാകൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.
മണ്ഡലകാല തീർത്ഥാടനം എങ്ങനെ വിലയിരുത്തുന്നു ?
ഇത്തവണ വലിയ തിരക്ക് ഉണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. ചില ഘട്ടങ്ങളിൽ പ്രതീക്ഷിച്ചതിനേക്കാൾ ആളുകൾ വന്നപ്പോൾ അല്പം ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്. എന്നാൽ അത് പെട്ടെന്ന് തന്നെ പരിഹരിച്ചു. ഇപ്പോൾ മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കങ്ങളാണ്. മുൻപ് എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അത് ഇത്തവണ പരിഹരിക്കും.ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി അടുത്ത ദിവസങ്ങളിൽ യോഗം ചേരുന്നുണ്ട്.
ക്യൂ കോംപ്ലക്സ് അടക്കമുള്ള സംവിധാനങ്ങൾ ഇപ്പോഴും പൂർണമായിട്ടും ഫലപ്രദമായിട്ടില്ല , അടിസ്ഥാന സൗകര്യ വികസനം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതല്ലെ ?
ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിൽ സംശയമൊന്നുമില്ല. തടസ്സം ഇത് ടൈഗർ റിസർവ് ഫോറസ്റ്റിന്റ് ഉള്ളിലാണ് എന്നുള്ളതാണ്. വനം മേഖലയായതുകൊണ്ട് സ്ഥിര നിർമ്മാണത്തിന് സ്ഥലം ലഭിക്കാൻ പ്രയാസമാണ്. കേന്ദ്രസർക്കാരിനോട് കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം ഒരുപാട് സഹായം ശബരിമലയ്ക്ക് നൽകിയത് ആയിട്ടാണ് കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത് ?
കേന്ദ്രം തരുന്ന സഹായങ്ങൾക്കെല്ലാം നന്ദി , സഹായം തന്നിട്ടില്ല എന്ന് പറയുന്നില്ല, നിഷേധിക്കുന്നില്ല. നാടിൻറെ വികസനമാണ് ലക്ഷ്യം. ശബരിമലയിലെത്തി ഓരോരുത്തരും സുഖമായി ദർശനം നടത്തി മടങ്ങി പോകുന്നത് ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ വിജയമല്ല , അത് നാടിൻറെ ഒരു വിജയമാണ്.
ശബരിമലയിൽ എത്തുമ്പോൾ വ്യക്തിപരമായിട്ട് എന്താണ് തോന്നുന്നത് ?
ഇവിടെ ജാതിയില്ല , മതം ഇല്ല, ഒരു തരത്തിൽ ഉള്ള വേർതിരിവും ഇല്ല, വേർതിരിവ് പാടില്ല. ഇവിടെ പ്രത്യേകിച്ച് ആചാര അനുഷ്ഠാനങ്ങൾ ഇല്ല, ആർക്കും വരാം, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും വരാം. വിശ്വാസിക്കും വരാം , വിശ്വാസം ഇല്ലാത്തവർക്കും വരാം. ഷർട്ട് ധരിച്ചവർക്കും ധരിക്കാത്തവർക്കും വരാം. അത് ഒരു ഉയർന്ന സങ്കൽപം ആണ്..ഇവിടെ എത്തിച്ചേരുന്ന ലക്ഷക്കണക്കിനാളുകളെ നിയന്ത്രിക്കുക പോലീസിനെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യമല്ല. .ഇവിടെ എത്തുന്ന ഓരോ ഭക്തനും സ്വയം നിയന്ത്രിക്കുന്നവരാണ്. സ്വയം നിയന്ത്രിക്കാൻ ആവുക എന്നത് മനുഷ്യൻറെ ഉന്നതമായ ഒരു അവസ്ഥയാണ്. ആ ഉന്നത സങ്കല്പം ആണ് ഇവിടെ. ആ ഒരു സങ്കൽപം ആണ് വളർന്നു വരേണ്ടത് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ