ദില്ലി: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി എസ് എഫ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് നാടിനെ നടുക്കിയ സംഭവം. ,സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചക്ലാസി ഗ്രാമത്തിലെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത 15 വയസ്സുകാരന്റെ വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ കുടുംബം തല്ലിക്കൊല്ലുകയായിരുന്നു. പെണ്‍കുട്ടി പഠിച്ച സ്‌കൂളിലാണ് 15കാരന്‍ പഠിച്ചത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ബി എസ് എഫ് ജവാന്‍ കുടുംബത്തോടൊപ്പം ആണ്‍കുട്ടിയുടെ കുടുംബത്തോട് സംസാരിക്കാന്‍ പോയതായി അതിര്‍ത്തി രക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ജവാനും ഭാര്യയും രണ്ട് ആണ്‍മക്കള്‍, മരുമകന്‍ എന്നിവരോടൊപ്പമാണ് കൗമാരക്കാരന്റെ വീട്ടിലേക്ക് പോയതായി പോലീസ് നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ആണ്‍കുട്ടിയുടെ കുടുംബം സംഘം ചേര്‍ന്ന് ജവാനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ജവാന്റെ മരണം ബി എസ് എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ