വിമാനക്കമ്പനികളുടെ ഷിപ്പ്മെന്റുകള്‍ തെറ്റായ വിലാസത്തില്‍ അയയ്ക്കുന്ന സംഭവം പുതുമയുള്ളതല്ല. പലപ്പോഴും ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന് വരാറുണ്ട്. സമാനമായി ഞെട്ടിക്കുന്ന പരാതി ആണ് കഴിഞ്ഞ ദിവസം ഒരു വിമാനക്കമ്പനിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയിലേക്ക് അയക്കേണ്ട വളര്‍ത്ത് നായയെ തെറ്റായി സൗദി അറേബ്യയില്‍ കൊണ്ടെത്തിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ബ്ലൂബെല്‍ എന്ന വളര്‍ത്തുനായയെ ആണ് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ നിന്ന് ടെന്നസിയിലെ നാഷ്വില്ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് അയയ്‌ക്കേണ്ടതിന് പകരം സൗദി അറേബ്യയിലേക്ക് അയച്ചിരിക്കുന്നത്. ബ്ലൂബെല്ലിന്റെ ഉടമയായ മാഡിസണ്‍ മില്ലര്‍ നായയെ വാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആണ് നായ എത്തിയിട്ടില്ല എന്ന് മനസിലാക്കുന്നത്.
തന്റെ നായയെ സൗദി അറേബ്യയിലേക്ക് അയച്ചു എന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് മാഡിസണ്‍ മില്ലര്‍ പറഞ്ഞത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്ന് താമസം മാറിയതിനാല്‍ ആണ് ബ്ലൂബെല്ലിനെ ലണ്ടനില്‍ നിന്ന് നാഷ്വില്ലെയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം ക്രമീകരണങ്ങള്‍ നടത്തിയത്. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ ആണ് ബ്ലൂബെല്‍ അമേരിക്കയില്‍ എത്തേണ്ടിയിരുന്നത്.
നായയെ വിമാനത്തിന്റെ ക്യാബിനില്‍ കയറ്റാന്‍ വിമാനക്കമ്പനികളൊന്നും അനുവദിക്കാത്തതിനെ തുടര്‍ന്നാണ് കുടുംബം കാര്‍ഗോ സര്‍വീസ് നടത്താന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ നായയെ ടെന്നസിയിലേക്ക് കയറ്റി അയക്കുന്നതിന് പകരം സൗദി അറേബ്യയിലെ റിയാദിലേക്കുള്ള വിമാനത്തില്‍ ആണ് അധികൃതര്‍ കയറ്റി വിട്ടത് എന്നാണ് മാഡിസണ്‍ പറയുന്നത്.
ഞാന്‍ ഞെട്ടിപ്പോയി. എന്റെ നായയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതി. എന്നാല്‍ 3 ദിവസത്തിന് ശേഷം ബ്ലൂബെല്ലിനെ കുടുംബത്തിന് തിരികെ ലഭിച്ചു. എന്നാല്‍ 63 മണിക്കൂര്‍ നീണ്ട യാത്ര ബ്ലൂബെല്ലിനെ ബാധിച്ചു എന്നും അവള്‍ സമ്മര്‍ദ്ദത്തിന്റെയും അസ്വസ്ഥതയുടെയും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് എന്നും മാഡിസണ്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു
അതേസസമയം നായയുടെ ദൈര്‍ഘ്യമേറിയ യാത്രയായിരുന്നു എന്നും എന്നാല്‍ അതിനെ തങ്ങള്‍ നന്നായി പരിചരിച്ചിരുന്നു എന്നും കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ഐഎജി കാര്‍ഗോ പറഞ്ഞു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് നാഷ്വില്ലിലേക്കുള്ള ആദ്യ വിമാനത്തില്‍ അവള്‍ തിരിച്ചെത്തിയതായി ഞങ്ങള്‍ ഉറപ്പാക്കി. ബ്ലൂബ്ലെല്ലിന് ഇടയ്ക്കിടെ കാലുകള്‍ നീട്ടാനും നടത്തത്തിനും സമയം നല്‍കിയിരുന്നു എന്നും അവര്‍ വ്യക്തമാക്കി. സംഭവിച്ച വീഴ്ച പരിശോധിച്ച് പരിഹാരം കാണും എന്നും ഐഎജി കാര്‍ഗോ പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ