തിരുവനന്തപുരം: സന്തുഷ്ടകേരളമെന്ന ലക്ഷ്യം നേടരുതെന്ന് ആഗ്രഹിക്കുന്ന ചിലർ നാടിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സന്തുഷ്ടകേരളം യാഥാർഥ്യമാകാതിരിക്കാൻ ഈ വിഭാഗം പ്രവർത്തിക്കുകയാണ്. ഏതു നല്ലകാര്യം വരുമ്പോഴും എതിർക്കുകയെന്നത് ചിലർ സ്വന്തം ദൗത്യമായി കരുതുന്നു. ഇത്തരം ചെറുവിഭാഗങ്ങൾ സംഘടിച്ചാണ് ജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്കകൾ സൃഷ്ടിക്കുന്നത്. നാടിന് ഗുണകരമാവുന്ന കാര്യത്തെയും എതിർക്കുന്ന സമീപനം ശരിയല്ല. വിഴിഞ്ഞത്ത് സംഭവിച്ചത് അതാണ്. തുറമുഖ നിർമാണ ത്തിന്റെ ഭാഗമായി റിങ് റോഡ് പ്രവൃത്തി തുടങ്ങി. റോഡ് വന്നാൽ ഇരുവശവും സംരംഭങ്ങൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തിലേക്ക് വന്നാൽ സർക്കാർ ജനങ്ങളുടേതാണ്. ജനങ്ങൾക്ക് ദോഷം വരുന്ന ഒരു കാര്യവും ചെയ്യുന്നില്ലെന്ന് സർക്കാരിന്റെ വക്താവെന്ന നിലയിൽ ഞാൻ പറഞ്ഞാൽ ആത്മനിഷ്ഠമാണെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ എതിർക്കുന്നവർക്ക് വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കാനാവുന്നില്ലെന്നതാണ് സത്യം. സർക്കാർ നിഷ്പക്ഷമായി കാര്യങ്ങൾ നീക്കുന്നതിന്റെ ഗുണഫലം കേരള ജനതക്ക് അനുഭവിക്കാനാകുന്നുണ്ട്.
കോവിഡ് പോലുള്ള പ്രതിസന്ധികൾക്ക് മുന്നിൽ ലോകരാഷ്ട്രങ്ങൾ പോലും പകച്ചുനിന്നപ്പോൾ കേരളം അതിജീവിച്ചത് ഇവിടുത്തെ സാമൂഹിക സുരക്ഷാ സംവിധാനത്തിന്റെ കരുത്തുകൊണ്ടാണ്. ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിലും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിലും പാർപ്പിടസൗകര്യമൊരുക്കുന്നതിലുമെല്ലാം സർക്കാരിന്റെ മിഷനുകൾ നടത്തിയ പ്രവർത്തനത്തിന്റെ നല്ല മാറ്റങ്ങൾ നമുക്ക് കാണാം. എല്ലാ വിഭാഗങ്ങൾക്കും മികച്ച നിലവാര മുള്ള ജീവിതമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. അത്തരം ശ്രമങ്ങൾ ലക്ഷ്യത്തിലെത്താൻ സാമൂഹിക ഐക്യം അതിപ്രധാനമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ