ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിന്റെ പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കത്തയച്ചതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു രാഹുല്‍.
കോവിഡിനെതിരെ പൊടുന്നനെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. "ഈ യാത്ര കശ്മീര്‍ വരെ സഞ്ചരിക്കും. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ട് അതിനാല്‍ യാത്ര നിര്‍ത്തണമെന്ന് പറഞ്ഞ് അവരെനിക്ക് കത്തയച്ചു. മാസ്‌ക് ധരിക്കൂ, യാത്ര നിര്‍ത്തൂ... ഇതൊക്കെ മുടന്തന്‍ ന്യായങ്ങളാണ്. ഈ രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണ്", ഹരിയാണയിലെ നൂഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. മാണ്ഡവ്യയുടെ നടപടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വിമര്‍ശിക്കുകയും ചെയ്തു. കോവിഡ് വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ ഒരു കുടുംബം മാത്രം ഇതെല്ലാം ചട്ടങ്ങള്‍ക്കതീതമാണെന്ന് കരുതുന്നതുകൊണ്ട് തന്റെ കടമ നിര്‍വഹിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് മാണ്ഡവ്യ പറഞ്ഞിരുന്നു.
യാത്രയില്‍ പങ്കെടുത്തതിനാലാണ് പലര്‍ക്കും കോവിഡ് ബാധിച്ചതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തൊട്ടാകെ കോവിഡ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയാണെങ്കില്‍ തങ്ങളും അത് പാലിക്കുമെന്ന് ഇതിന് കോണ്‍ഗ്രസിന്റെ മറുപടി നല്‍കുകയും ചെയ്തിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ