മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന് കീഴിലാണ് നേതാക്കളെ നിയമിച്ചത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ ബെന്നി ബെഹ്നാൻ,മുൻ എം പി ജെ ഡി സലീം എന്നിവർക്കാണ് മേഘാലയയുടെ ചുമതല നൽകിയിരിക്കുന്നത്. എം പിമാരായ ഫ്രാൻസിസ്കോ സർഡിൻഹയ്ക്കും കെ ജയകുമാറിനും നാഗാലാൻഡിന്റെ ചുമതലയും മുതിർന്ന നേതാവ് അരവിന്ദർ സിംഗ് ലൗലിയും എംപി അബ്ദുൾ ഖലീഖും ത്രിപുരയുടെ നിരീക്ഷകരും ആയിരിക്കും.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനം മേഘാലയയാണ്. 2018 ൽ കോൺഗ്രസ് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി . എന്നാൽ 2 സീറ്റുകൾ മാത്രം നേടിയ ബി ജെ പി നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു. അതേസമയം ഇക്കഴിഞ്ഞ സപ്റ്റംബറിൽ കോൺഗ്രസിന് കൂടുതൽ തിരിച്ചടി നൽകി 10 ഓളം എം എൽ എമാർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
അതേസമയം ഇത്തവണ സംസ്ഥാനത്ത് തിരിച്ചുവരുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചുള്ള പ്രവർത്തനം കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. പാർട്ടി അധ്യക്ഷൻ വിൻസെന്റ് എച്ച് പാലയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും പാർട്ടി മുൻ പ്രസിഡന്റ് സെലസ്റ്റിൻ ലിംഗ്ദോയെ പ്രചാരണ കമ്മിറ്റി ചെയർമാനുമായും നിയമിച്ചിരുന്നു. അതിനിടെ ഭരണസഖ്യത്തിലെ വിള്ളലും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. 2023 ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എൻ പി പി നേതാവും മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ അറിയിച്ചത്. തനിച്ച് മത്സരിക്കുന്നത് ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ത്രിപുരയിൽ 2018 ൽ വൻ അട്ടിമറി വിജയമായിരുന്നു ബി ജെ പി നേടിയത്. 60 അംഗ നിയമസഭയിൽ 35 സീറ്റുകൾ നേടിയായിരുന്നു ഇടതുപക്ഷ കോട്ടയിൽ ബി ജെ പി അധികാരം പിടിച്ചത്. ഇടതുപക്ഷത്തിന് 16 സീറ്റുകളായിരുന്നു അന്ന് ലഭിച്ചത്. എന്നാൽ ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 1.37 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇക്കുറി ബി ജെ പിക്ക് ഇവിടെ കാര്യങ്ങൾ എളുപ്പമായേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമായ സംസ്ഥാനത്ത് അടുത്തിടെ മുഖ്യമന്ത്രിയെ ബി ജെ പി മാറ്റി പരീക്ഷിച്ചിരുന്നു. ബിപ്ലവ് ദേവിനെ മാറ്റി മണിക് സാഹയെ ആണ് ബി ജെ പി മുഖ്യമന്ത്രിയാക്കിയത്.
കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നീ പാർട്ടികൾക്കു പുറമേ, ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ (ടിടിഎഎഡിസി) വൻ വിജയം നേടിയ ടിപ്ര മോത എന്ന പാർട്ടികളാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ബി ജെ പിയുടെ എതിരാളികൾ. ഈ പാർട്ടികൾ ബി ജെ പിക്കെതിരെ കൈകോർത്താൽ വലിയ തിരിച്ചടിയാകും ഇവിടെ നേരിട്ടേക്കുക.
2018 ൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി (എൻഡിപിപി) ബിജെപി സഖ്യത്തിലേർപ്പെടുകയും സർക്കാർ രൂപീകരിക്കുകയുമായിരുന്നു. 2023 ലും സഖ്യത്തിൽ തന്നെയാകും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ