ദില്ലി: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ എൽ പി ജി സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപ വർധിപ്പിച്ചാണ് ഗ്യാസ് വിപണന കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി 'ന്യൂഇയർ സമ്മാനം' ഒരുക്കിയത്. അതേസമയം ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല, അവ നിലവിലുള്ള വിലയിൽ ലഭ്യമാവുമെങ്കിലും അടുത്ത് തന്നെ വർധനവ് ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർദ്ധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്.
വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിലെ വാണിജ്യ സിലിണ്ടറുകളുടെ പുതിയ നിരക്ക്
ഡൽഹി - 1768 രൂപ / സിലിണ്ടർ
മുംബൈ - 1721 രൂപ/ സിലിണ്ടർ
കൊൽക്കത്ത - 1870 രൂപ/ സിലിണ്ടർ
ചെന്നൈ - 1917 രൂപ/ സിലിണ്ടർ
മെട്രോപൊളിറ്റൻ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിലവിലെ നിരക്ക്
ഡൽഹി - 1053 രൂപ
മുംബൈ - 1052.5 രൂപ
കൊൽക്കത്ത - 1079 രൂപ
ചെന്നൈ - 1068.5 രൂപ
ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ 6 നാണ് വർദ്ധിപ്പിച്ചത്. 2022 മാർച്ചിൽ ആദ്യം 50 രൂപ വർദ്ധിപ്പിച്ചു, പിന്നീട് അത് വീണ്ടും 50 രൂപയും മെയ് മാസത്തിൽ 3.50 രൂപയും ഉയർത്തി. ഒടുവിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപയും കൂട്ടുകയായിരുന്നു.
അതേസമയം, പുതുവത്സരത്തില്‍ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയാണ്, കഴിഞ്ഞ ഏഴ് മാസമായി വില സ്ഥിരമായി തുടരുന്നു. 2022 മെയ് 21 ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യത്തുടനീളം പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു. ഡൽഹിയിൽ പെട്രോൾ വില യഥാക്രമം 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ്.
കൊൽക്കത്തയിൽ പെട്രോളിന് യഥാക്രമം 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ് ഈടാക്കുന്നത്. ചെന്നൈയിൽ പെട്രോളിന് 102.63 രൂപയും ഡീസലിന് 94.24 രൂപയും ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 101.94 രൂപയും ഡീസലിന് 87.89 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ- ലിറ്ററിന് 107.71 രൂപ, ഡീസൽ- ലിറ്ററിന് 96.52 രൂപ, കൊച്ചിയില്‍ പെട്രോൾ- ലിറ്ററിന് 105.81 രൂപ, ഡീസൽ- ലിറ്ററിന് 94.74 രൂപ എന്നിങ്ങനെയാണ് നിരക്ക്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ