സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് ഇത്തവണ തട്ടിപ്പുകാർ രംഗത്ത് വന്നത്. മലപ്പുറത്ത് നിരവധി യുവാക്കൾ ഈ തട്ടിപ്പിന് വിധേയമായി.
ഒരു ഇടവേളക്ക് ശേഷം പുതിയ രൂപത്തിലാണ് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം വ്യാപകമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ആപ്പുകൾ തട്ടിപ്പ് നടത്തുന്നത്. ആധാർ കാർഡും, പാൻകാർഡും ഉണ്ടെങ്കിൽ എളുപ്പത്തിൽ വായ്പ നൽകാം എന്നതാണ് വാഗ്ദാനം. ഉടൻ പണം ലഭിക്കുമെന്നതിനാൽ ആളുകൾ പെട്ടെന്ന് ആകർഷിക്കപ്പെടും.
പിന്നീടാണ് ഇതിന് പിന്നിലെ ചതിക്കുഴി പലരും തിരിച്ചറിയുക. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും വിവരങ്ങളും ഇവർ ചോർത്തിയെടുക്കും. തിരിച്ചടവ് മുടങ്ങിയാൽ ഭീമമായ പലിശ ആവശ്യപ്പെടും. പിന്നെ കോണ്ടാക്ടിലുള്ള മുഴുവൻ പേർക്കും അശ്ലീല സന്ദേശമയക്കും. സൈബർ അറ്റാക്ക് നടത്തും.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ മലപ്പുറം ജില്ലയിൽ പത്തിലധികം പേർ ട്വന്റിഫോറിനെ ഇതുമായി ബന്ധപ്പെട്ട് പരാതി അറിയിച്ചു. യുവാക്കളാണ് ഏറ്റവും കൂടുതൽ കെണിയിൽപ്പെടുന്നത്. എന്നാൽ ഇവരാരും മാനഹാനി ഭയന്ന് പൊലീസിൽ പരാതി നൽകാനോ ക്യാമറയ്ക്ക് മുന്നിൽ വരാനോ തയ്യാറല്ല. നേരത്തെ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചതോടെ പോലീസ് ചില സൈബർ കേസുകൾ രജിസ്റ്റർ ചെയ്യുകയും ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതാണ് തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നതിന് ഇടയാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ