കാളി വിഗ്രഹം തകർത്തെന്ന പരാതിയിൽ പ്രതി പരാതിക്കാരൻ തന്നെയെന്ന് പൊലീസ്. ഈ മാസം 24ന് തൻ്റെ വർക്ക്ഷോപ്പിലെ വിവിധ കാളീരൂപങ്ങൾ തകർക്കപ്പെട്ടെന്ന് കാട്ടി പ്രഭാത് സർദാർ എന്ന ശില്പി പൊലീസിൽ പരാതിപ്പെട്ടിരുന്നു. പരാതി അന്വേഷിച്ച പൊലീസ്, വിഗ്രഹങ്ങൾ തകർത്തത് ശില്പി തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബറിലാണ് സംഭവം. രാത്രിയിൽ ആരൊക്കെയോ തൻ്റെ വർക്ക്ഷോപ്പിൽ അതിക്രമിച്ചുകയറി വിഗ്രഹങ്ങൾ തകർത്തു എന്നായിരുന്നു ഇയാളുടെ പരാതി. വാർത്ത അറിഞ്ഞ ജനക്കൂട്ടം രോഷാകുലരായി പരിസരത്ത് ഒത്തുകൂടി. തുടർന്ന് ഇവിടെ പൊലീസ് സന്നാഹവുമെത്തി. പിന്നാലെ, കേസിൽ അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസങ്ങൾക്കു ശേഷം വിഗ്രഹങ്ങൾ തകർത്തത് ഇയാൾ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. ആരും വാങ്ങാത്തതിനാലാണ് താൻ വിഗ്രഹങ്ങൾ തകർത്തതെന്ന് ശില്പി മൊഴിനൽകി. കാളീപൂജയ്ക്ക് മുൻപ് ആരും വിഗ്രഹങ്ങൾ വാങ്ങിയില്ലെങ്കിൽ അത് തൻ്റെ യശസിന് കളങ്കമാവുമെന്നും ഭാവിയിൽ കച്ചവടം കുറയുമെന്ന് കരുതിയെന്നും ഇയാൾ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ