വിവാഹിതയായ ഒരു സ്ത്രീയോട് കുടുംബത്തിനുവേണ്ടി വീട്ടിലെ ജോലികള്‍ ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഇപ്രകാരം ഭാര്യ ചെയ്യുന്ന വീട്ടുജോലികള്‍ ഭൃത്യയുടെ ജോലിയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തന്റെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും ക്രൂരതയ്ക്കും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.
ഗാര്‍ഹിക പീഡന പരാതിയില്‍ രജിസറ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന യുവതിയുടെ ഭര്‍ത്താവിന്റെ ഹര്‍ജി കോടതി അനുവദിച്ചു. ജസ്റ്റിസുമാരായ വിഭ കങ്കണ്‍വാടി, രാജേഷ് പാട്ടീല്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഈ മാസം 21നാണ് യുവാവിനും മാതാപിതാക്കള്‍ക്കുമെതിരെ എഫ്‌ഐആര്‍ തയാറാക്കിയത്. ഇത് കോടതി റദ്ദാക്കി.
വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഭര്‍ത്താവും വീട്ടുകാരും തന്നോട് നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്ന് കോടതിയില്‍ യുവതി സമ്മതിച്ചു. എന്നാല്‍ അതിനുശേഷം വീട്ടിജോലിക്കാരിയെപ്പോലെയാണ് തന്നോട് എല്ലാവരും പെരുമാറിയതെന്നായിരുന്നു പരാതി. പണം ആവശ്യപ്പെട്ടും ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. വീട്ടുജോലികള്‍ ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ യുവാവിനോട് അത് മുന്‍പ് പറയണമായിരുന്നെന്നും അപ്പോള്‍ അയാള്‍ക്ക് വിവാഹത്തെക്കുറിച്ച് രണ്ടാമത് ആലോചിക്കാന്‍ സമയം കിട്ടിയേനെയെന്നും കോടതി ചൂണ്ടിക്കാട്ടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ