കാസര്‍കോട്: സുഹൃത്തിന്റെ വീട്ടിലെത്തിയ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടു യുവാക്കളെ മുനമ്പം പുഴയില്‍ കാണാതായി. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി രഞ്ജു (24), കൊല്ലം സ്വദേശി വിജിത്ത് (23) എന്നിവരെയാണ് കരിച്ചേരി പുഴയിലെ മുനമ്പം മഹാലഷ്മി പുരം ഭാഗത്ത് വച്ച് പുഴയില്‍ കാണാതായത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ഇവര്‍ കുളിക്കാനെന്ന് പറഞ്ഞു പോയത്.5 മണിയോടെയാണ് ഇവരെ കാണാതായ വിവരം പൊലീസിലറിയിച്ചത്.
പുഴയില്‍ നല്ല അടിയൊഴുക്കുള്ളതായി നാട്ടുകാര്‍ പറയുന്നു. ചെന്നൈയില്‍ രണ്ട് വര്‍ഷം മുമ്പ് വഹനങ്ങളുടെ പാര്‍ട്സ് നിര്‍മിക്കുന്ന കംപനിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന മുനമ്പം കല്ലളിയിലെ ശ്രീ വിഷ്ണുവിന്റെ വീട്ടില്‍ വന്നതായിരുന്നു ഇവര്‍. തിരുവനന്തപുരത്തെ വൈശാഖ്, കുമ്പളയിലെ അബ്ദുല്‍ ഖാദര്‍ സിനാന്‍, പരവനടുക്കത്തെ വിഷ്ണു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. 25ന് ടൂറിനായി വന്ന ഇവര്‍ സുഹൃത്തുക്കളുമൊത്ത് ഗോവയില്‍ പോയി ബുധനാഴ്ച റാണിപുരത്ത് എത്തി വൈകീട്ട് മൂന്ന് മണിയോടെയാണ് മുനമ്പത്തെ ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തിയത്. നാലു മണിയോടെ മുനമ്പം തൂക്ക് പാലത്തിനടുത്ത് എത്തിയ ഇവരില്‍ നാലു പേരാണ് പുഴയില്‍ ഇറങ്ങിയത്. രഞ്ജുവും വിജിത്തും ശ്രീവിഷ്ണുവും കുളിച്ചു കൊണ്ടിരിക്കെ രഞ്ജുവും വിജിത്തും ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തിരച്ചില്‍ തുടരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ