ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം ദുബായിലെത്തി. നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത് ഉള്‍പ്പടെയുള്ള താരങ്ങളാണ് ആദ്യം യുഎഇയിലെത്തിയത്. കോഹ്ലി കുടുംബസമേതമാണ് ടൂര്‍ണമെന്‍റിനെത്തിയത്. കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ സിംബാബ്‌വെയില്‍ നിന്നും ഇന്നലെ ദുബായിലെത്തി.
കൊവിഡ് ബാധിതനായ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനൊപ്പം ചേർന്നിട്ടില്ല. ഇന്നലെ ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കേണ്ടിയിരുന്നതായിരുന്നു ദ്രാവിഡ്. ദ്രാവിഡിന് പകരം സിംബാബ്‌വെയില്‍ ഇന്ത്യയെ പരിശീലിപ്പിച്ച വിവിഎസ് ലക്ഷ്‌മണ്‍ ടീമിനൊപ്പം തുടരും. ഇന്ന് ഇന്ത്യന്‍ ടീം ആദ്യ പരിശീലന സെഷന് ഇറങ്ങും. മൂന്ന് ദിവസം ദുബായില്‍ ടീമിന് പരിശീലനമുണ്ട്. ഏഷ്യാ കപ്പിലെ ഫേവറേറ്റുകളാണ് നിലവിലെ ജേതാക്കളായ ടീം ഇന്ത്യ.
ഓഗസ്റ്റ് 28-ാം തിയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങൾ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ