ലിസ്ബൺ: ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി മാർട്ട ടെമിഡോ രാജിവച്ചു. രാജ്യത്തെ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ യുവതിക്ക് ചികിത്സ ലഭിക്കാതെ പോയത്. അടിയന്തര പ്രസവ ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവവേദനയുമായെത്തുന്ന ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ് പോർച്ചുഗലിൽ ഉണ്ടായിരുന്നത്. അതിനിടെയാണ് വിനോദസഞ്ചാര വിസയിലെത്തിയ ഇന്ത്യൻ യുവതി മരിച്ചത്. ഈ സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു. യുവതി മരിച്ച് മണിക്കൂറുകൾക്കകമാണ് ആരോഗ്യമന്ത്രി രാജിവെച്ചത്. ഇനി ഓഫീസിൽ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്താ മരിയയിൽ നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്ന് തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് ഗർഭിണിയായ ഇന്ത്യൻ യുവതി മരിച്ചത്. റിപ്പബ്ലിക് പ്രസിഡൻസിയുടെ...