തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. ആക്രമണത്തിന് പിന്നാലെ വ്യാപക അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.
പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവിൽ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അന്വേഷണം ആരംഭിച്ചിടത്തു തന്നെ നില്‍ക്കുകയാണ്.
ജൂൺ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിർണായകമായ യാതൊരു വിവരവും ലഭിച്ചില്ല.
പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എൽ.എക്‌സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളാണ് പരിശോധിച്ചത്.
അക്രമിക്ക് മുന്‍പില്‍ ഒരു സ്വിഫ്റ്റ് കാർ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പറും തിരിച്ചറിയാനായിട്ടില്ല. ആകെ ലഭിച്ച മൊഴി ചെങ്കൽചൂള സ്വദേശിയായ വിജയ് എന്ന യുവാവിന്റേതാണ്. സ്‌ഫോടകവസ്തു എറിഞ്ഞ വ്യക്തി പോകുന്നത് കണ്ടെന്നാണ് പ്രത്യേക സംഘത്തോട് ഇദ്ദേഹം സമ്മതിച്ചത്.
എന്നാൽ മൊഴിക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വിഷയത്തെ പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കിയ സി.പി.എം പിന്നീട് നിലപാടില്‍ നിന്ന് വ്യതിചലിച്ചു.
സംഭവത്തിന് പിന്നിലെ സി.പി.എം ബന്ധം കാരണമാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ, കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് സർക്കാർ വാദം. സംസ്ഥാനത്തെ പോലീസ് സംവിധാനത്തെയാകെ കബളിപ്പിച്ച് മറഞ്ഞിരിക്കുന്ന പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘത്തിനാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ