യു.ഡി.എഫ് പരിപാടിയില്‍ മുസ്‌ലിം ലീഗിന്റെ കൊടിക്ക് 'വിലക്ക്'; കൊണ്ടുപോയി പാകിസ്ഥാനില്‍ കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: യു.ഡി.എഫ് പരിപാടിയില്‍ മുസ്‌ലിം ലീഗിന്റെ കൊടി കെട്ടാന്‍ കോണ്‍ഗ്രസ് നേതാവ് അനുവദിച്ചില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം കഴക്കൂട്ടം ആറ്റിപ്രയില്‍ വെച്ച് നടന്ന യു.ഡി.എഫിന്റെ സമര പരിപാടിയിലായിരുന്നു സംഭവം.
കൊടി കെട്ടാനെത്തിയ ലീഗ് നേതാവിനോട് അത് പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടാന്‍ കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ (സനല്‍ കുമാര്‍) ആവശ്യപ്പെട്ടതായാണ് പരാതി.
മുസ്‌ലിം ലീഗിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ വെമ്പായം നസീറാണ് കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ നസീര്‍ കോണ്‍ഗ്രസിന് പരാതി നല്‍കിയിട്ടുണ്ട്.
പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോള്‍, ‘ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ല നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടാ’യെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതായി വെമ്പായം നസീര്‍ ആരോപിച്ചു.
സമരവേദിയില്‍ കെട്ടിയിരുന്ന ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് വലിച്ചെറിഞ്ഞതായും വെമ്പായം നസീര്‍ പറഞ്ഞു.
”യു.ഡി.എഫിന്റെ പരിപാടിയായതിനാലാണ് മുസ്‌ലിം ലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചത്. ആര്‍.എസ്.പിയുടെ കൊടിയും അവിടെയുണ്ടായിരുന്നു. ഞാനും മൂന്ന് പ്രവര്‍ത്തകരും കൂടി അവിടെ ലീഗിന്റെ കൊടി കെട്ടാന്‍ പോയപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ എത്തി.
കൊടി കെട്ടാന്‍ തുടങ്ങിയപ്പോള്‍ ‘മുസ്‌ലിം ലീഗിന്റെ കൊടിയൊന്നും ഇവിടെ കെട്ടാന്‍ പാടില്ല, കൊണ്ടുപോടാ’ എന്ന് പറഞ്ഞു. യു.ഡി.എഫിന്റെ പരിപാടിയല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ ‘കൊടി മലപ്പുറത്ത് കൊണ്ടുപോയി കെട്ടെ’ന്ന് പറഞ്ഞു. ലീഗിന്റെ കൊടി എടുത്ത് വലിച്ചെറിയുകയായിരുന്നു.
എന്താ ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള്‍, ‘അത്ര നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടാ. പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടെടാ’ എന്ന് പറഞ്ഞു. ഇന്നും കോണ്‍ഗ്രസിന്റെ ആള്‍ക്കാര്‍ തന്നെ മുസ്‌ലിം ലീഗിനെ പാകിസ്ഥാന്‍ ലീഗ് എന്ന് വിളിക്കുന്നത് സഹിക്കാന്‍ പറ്റില്ല. ലീഗിന്റെ കൊടി കെട്ടരുതെന്ന് പറയാനുള്ള അധികാരം ഗോപാലകൃഷ്ണന് ആര് കൊടുത്തു. ബി.ജെ.പിയാണോ യു.ഡി.എഫിന്റെ ഘടകകക്ഷി? മുസ്‌ലിം ലീഗിനെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗെന്ന് വിളിക്കുന്ന കോണ്‍ഗ്രസുകാരുള്ളിടത്തോളം കോണ്‍ഗ്രസ് നന്നാവില്ല,” വെമ്പായം നസീര്‍ പറഞ്ഞു.
അതേസമയം ആരോപണം ഗോപാലകൃഷ്ണന്‍ നിഷേധിച്ചു. കൊടി കെട്ടാന്‍ വന്നപ്പോള്‍ സമ്മതിച്ചില്ലെന്നത് സത്യമാണെന്നും എന്നാല്‍ കൊടി വലിച്ചെറിയുകയോ മോശം പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്റെ വാദം.
കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. യു.ഡി.എഫിന്റെ ഘടകകക്ഷികളെ ക്ഷണിച്ചിരുന്നില്ല. ഒരു കക്ഷി വന്നാല്‍ മറ്റുള്ളവര്‍ പരാതി പറയുമെന്നതിനാലാണ് ലീഗ് പ്രവര്‍ത്തകരോട് പോകാന്‍ പറഞ്ഞത്, എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
സംഭവത്തില്‍ മുസ്‌ലിം ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ നേതാക്കളുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ