സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം; പ്രതിഷേധവുമായി ബി.ജെ.പി എം.എല്‍.എ
മംഗളൂരു: മംഗളൂരുവിലെ സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം. കേസുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ ബി.ജെ.പി എം.എല്‍.എ ഭരത്‌ഷെട്ടി നേരിട്ടെത്തി പ്രതിഷേധിച്ചു. നിരപരാധികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് എം.എല്‍.എ ആരോപിച്ചു.
സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു. അതിനിടെ ഫാസില്‍ കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെത്തി. കാര്‍ക്കള പടുബിദ്രിയില്‍ നിന്നാണ് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോണ്‍ കാര്‍ പൊലീസ് കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഫാസിലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറയും മൈക്രോ സിമ്മും വെള്ളക്കുപ്പിയും പണവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
നാലംഗ സംഘമാണ് വെള്ളിയാഴ്ച രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫാസില്‍ കൊലക്കേസ് അന്വേഷണ തലവനായി സൗത്ത് ഡിവിഷന്‍ എ.സി.പി മഹേഷ് കുമാറിനെ നിയമിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ