റഷ്യ- ഉക്രൈന്‍ സംഘര്‍ഷം: മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയെഴുതാന്‍ അനുമതി
ന്യൂദല്‍ഹി: റഷ്യ ഉക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കെ വിദേശത്തുനിന്നും മടങ്ങിയെത്തിയ അവസാന വർഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ജൂണ്‍ മുപ്പതിനോ അതിന് മുമ്പോ കോഴ്സ് പൂര്‍ത്തിയാക്കി വിദേശ സര്‍വകലാശാലകളില്‍ നിന്നും എത്തിയ, സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കാണ് പരീക്ഷ എഴുതാന്‍ അനുമതിയുണ്ടാകുക.
ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് പകരമായി രാജ്യത്ത് രണ്ട് വര്‍ഷം നിര്‍ബന്ധിത ഇന്റേര്‍ണ്‍ഷിപ്പ് ചെയ്യേണ്ടതുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നടപടി.
തന്റെ മണ്ഡലമായ വയനാട്ടിലുള്‍പ്പടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്നും ഉക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം സംബന്ധിച്ച വ്യക്തത വരുത്തണമെന്നുമാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് കത്തയച്ചിരുന്നു.
ഒന്ന്, രണ്ട് വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കല്‍ കോളജില്‍ ഇവര്‍ക്ക് അവസരമൊരുക്കുകയോ മറ്റ് വിദേശ സര്‍വ്വകലാശാലകളില്‍ പഠനം തുടരാന്‍ വേണ്ട സഹായം നല്‍കുകയോ ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ പാസ്സാക്കുമെന്ന് ഉക്രൈന്‍ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനം നടത്താന്‍ അവസരമൊരുക്കുമെന്ന് ഹംഗറി അറിയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ