മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ; ട്വിറ്റര്‍ റിപ്പോര്‍ട്ട് പുറത്ത്
ന്യൂദല്‍ഹി: അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് ട്വിറ്റര്‍. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എത്തിയതെന്നാണ് ട്വിറ്റര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
ലോകമെമ്പാടുമുള്ള അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് 326 തവണ നിയമപരമായ ആവശ്യം ലഭിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കുന്നുണ്ട്. 349 അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് നടപടി വന്നിരിക്കുന്നത്. 2021ലെ ആദ്യപകുതിയില്‍ തന്നെ ഈ കാര്യത്തില്‍ 103 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യ സമാന ആവശ്യവുമായി 114 തവണയാണ് ട്വിറ്ററിനെ സമീപിച്ചിരിക്കുന്നത്. തുര്‍ക്കി 78, റഷ്യ 55, പാകിസ്ഥാന്‍ 48 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
2021 ജനുവരി-ജൂണ്‍ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
2021 ആദ്യപകുതിയില്‍ ആഗോളതലത്തില്‍ ട്വിറ്ററിന് ലഭിച്ചത് മൊത്തം 231 ആവശ്യങ്ങളാണ്. ഇതില്‍ 89 എണ്ണവും ഉന്നയിച്ചത് ഇന്ത്യയാണ്.
പ്രായപൂര്‍ത്തിയാകാത്തവരുമായി ബന്ധപ്പെട്ട സ്വകാര്യത പ്രശ്നങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഇന്ത്യയിലെ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ നിന്ന് നിയമപരമായ ആവശ്യം ലഭിച്ചിരുന്നുവെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നുണ്ട്.
യു.എസിന് ശേഷം ഇന്ത്യയില്‍ നിന്നാണ് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിനായി ഏറ്റവും കൂടുതല്‍ തവണ സര്‍ക്കാര്‍ നിയമ അഭ്യര്‍ത്ഥനകള്‍ ലഭിച്ചതെന്നും ട്വിറ്റര്‍ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ