മാഡ്രിഡ്: ആഫ്രിക്കക്ക് പുറത്തെ ആദ്യത്തെ മങ്കിപോക്‌സ് മരണം സൗത്ത് അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. 41 വയസുള്ള പുരുഷനാണ് മരിച്ചത്.
ബ്രസീലില്‍ ഇതുവരെ 1000നടുത്ത് മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ബ്രസീലിന് പിന്നാലെ സ്‌പെയിനിലും മങ്കിപോക്‌സ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മങ്കിപോക്‌സ് മരണം കൂടിയാണ് സ്‌പെയിനിലേതെന്നാണ് കരുതപ്പെടുന്നത്. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മങ്കിപോക്‌സ് പകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 4298 പേര്‍ക്കാണ് ഇതുവരെ ഇവിടെ വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മങ്കിപോസ്‌കിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ഡബ്ല്യു.എച്ച്.ഒയുടെ കണക്കുകള്‍ പ്രകാരം മെയ് മാസം മുതല്‍ ആഫ്രിക്കക്ക് പുറത്ത് ഇതുവരെ 18,000ലധികം മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
78 രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്‌സ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 70 ശതമാനവും യൂറോപ്പിലും 25 ശതമാനം അമേരിക്കന്‍ രാജ്യങ്ങളിലുമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനൊം വ്യക്തമാക്കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ മേയ് ഏഴിന് ബ്രിട്ടനിലായിരുന്നു ആഫ്രിക്കക്ക് പുറത്ത് ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് മങ്കിപോക്‌സ് പടരാറുള്ളത്.
കടുത്ത പനി, ശരീരവേദന, തലവേദന, ദേഹത്ത് തിണര്‍ത്ത് പൊന്തുന്നത്, ക്ഷീണം എന്നിവയാണ് മങ്കിപോക്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗം സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്.
എന്നാല്‍ രോഗം ഗുരുതരമായാല്‍ മുഖത്തും കൈകളിലും മുറിവുകളുണ്ടാകുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌തേക്കും.
കുട്ടികളില്‍ രോഗം കൂടുതല്‍ ഗുരുതരമാകാറുണ്ടെന്നും വിവിധ പഠനങ്ങള്‍ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ