ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ പതിനാറ് ലക്ഷം ഡോളര്‍ വാങ്ങി; റിപ്പോര്‍ട്ട്
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന്‍ (The Prince of Wales) അല്‍ ഖ്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും പണം സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്.
അന്നത്തെ വിനിമയ നിരക്കനുസരിച്ച് ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും ചാള്‍സ് രാജകുമാരന്‍ 10 ലക്ഷം പൗണ്ട് (16 ലക്ഷം ഡോളര്‍/ 1.6 മില്യണ്‍ ഡോളര്‍) സ്വീകരിച്ചതായി ബ്രിട്ടീഷ് ദിനപത്രമായ ദ സണ്‍ഡേ ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ശനിയാഴ്ചയായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഒസാമ ബിന്‍ ലാദന്റെ അര്‍ധ സഹോദരങ്ങളായ ബക്ര് ബിന്‍ ലാദന്‍ (Bakr bin Laden), അദ്ദേഹത്തിന്റെ സഹോദരന്‍ ഷഫിഖ് (Shafiq) എന്നിവരുടെ പക്കല്‍ നിന്നും ചാള്‍സ് രാജകുമാരന്‍ ചാരിറ്റിക്ക് വേണ്ടി പണം വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
ചാള്‍സ് രാജകുമാരന്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടിന് (Prince of Wales Charitable Fund) വേണ്ടിയാണ് അദ്ദേഹം പണം വാങ്ങിയത്.
2013 ഒക്ടോബര്‍ 30ന്, ചാള്‍സ് രാജകുമാരന്റെ സ്വകാര്യ വസതിയായ ലണ്ടനിലെ ക്ലാരന്‍സ് ഹൗസില്‍ വെച്ച് ബക്ര് ബിന്‍ ലാദനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചാരിറ്റി ഫണ്ടിന് വേണ്ടി പണം സ്വീകരിക്കാന്‍ ചാള്‍സ് തയ്യാറായത്. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച.
ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്നും പണം സ്വീകരിക്കുന്നതിന് ക്ലാരന്‍സ് ഹൗസിലെയും ചാരിറ്റബിള്‍ ഫണ്ടിലെയും ഉപദേശകരില്‍ നിന്നും ചാള്‍സ് രാജകുമാരന്‍ കടുത്ത എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇവ അവഗണിച്ച് ചാള്‍സ് സംഭാവന സ്വീകരിക്കാന്‍ സമ്മതിച്ചതായും ബ്രിട്ടീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സംഭാവനയായി പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാന്‍ നിരവധി ഉപദേശകന്‍ ചാള്‍സ് രാജകുമാരനോട് അഭ്യര്‍ത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിച്ചാല്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ചാള്‍സ് രാജകുമാരന്റെ വീട്ടുജോലിക്കാരിലൊരാള്‍ പറഞ്ഞിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്കൊപ്പം 67 ബ്രിട്ടീഷുകാരുടെയും മരണത്തിന് കാരണമായ, യു.എസിലെ സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിനായ അല്‍ ഖ്വയിദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും പണം സ്വീകരിച്ചതായി പുറത്തറിഞ്ഞാല്‍ അത് ‘ആര്‍ക്കും നല്ലതിനായിരിക്കില്ല’ എന്ന് അവര്‍ ചാള്‍സ് രാജകുമാരന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ബിന്‍ ലാദന്‍ കുടുംബത്തില്‍ നിന്നുള്ള സംഭാവന സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റികളുടെ പണമിടപാടിനുള്ളില്‍ വരുന്ന കാര്യമാണെന്ന് ക്ലാരന്‍സ് ഹൗസ് സോഴ്‌സുകള്‍ വ്യക്തമാക്കുന്നു.
സംഭാവന സ്വീകരിക്കാനുള്ള തീരുമാനം പൂര്‍ണമായും ട്രസ്റ്റികള്‍ എടുത്തതാണെന്ന് പ്രിന്‍സ് ഓഫ് വെയില്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ പറയുന്നതായി ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ബക്ര് ബിന്‍ ലാദനോ സഹോദരന്‍ ഷഫിഖോ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരോ അത് സ്‌പോണ്‍സര്‍ ചെയ്തവരോ ആണെന്ന സൂചനകള്‍ ഇതുവരെ ലഭ്യമല്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ