കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ (Smriti Irani) സമൂഹമാധ്യമ പോസ്റ്റുകള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് (Congress) ഡല്‍ഹി ഹൈക്കോടതി (Delhi High court) . സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയാറാകാത്ത പക്ഷം ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ ഇത് നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനി നല്‍കിയ കേസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്ഖര്‍ണയുടെ നടപടി. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഇറാനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി.
അതേസമയം, കോടതിക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിക്കുമെന്ന് കോടതിയുടെ ഉത്തരവിനു പിന്നാലെ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
ഗോവയിലെ റെസ്‌റ്റോറന്റില്‍ സ്മൃതി ഇറാനിയുടെ മകള്‍ക്ക് അനധികൃത ബാറുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.ഉത്തരഗോവയിലെ അസ്സഗാവിലെ ‘സില്ലി സോൾസ്’ എന്ന ബാർ റസ്റ്ററന്റിന് 2021 മേയിൽ മരിച്ച ഒരാളുടെ ഒപ്പിട്ട് ബാർ ലൈസൻസ് കഴിഞ്ഞ മാസം സംഘടിപ്പിച്ചുവെന്നും ഇറാനി കുടുംബം അഴിമതി നടത്തിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേരയും ജയ്റാം രമേഷുമാണ് ആരോപിച്ചത്.
ഇതിന്റെ പേരിൽ ഗോവയിലെ എക്സൈസ് കമ്മിഷണർ നോട്ടിസ് അയച്ചിട്ടുണ്ടെന്നും ആ ഉദ്യോഗസ്ഥനെ ഗോവയിലെ ബിജെപി സർക്കാർ പീഡിപ്പിക്കുകയാണ് അവർ ആരോപിച്ചിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ