യു.എസ് സുപ്രീംകോടതിയിലെ കറുത്ത വംശജയായ ആദ്യ ജസ്റ്റിസ്; കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് സത്യപ്രതിജ്ഞ ചെയ്തു
വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസായി കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് സത്യപ്രതിജ്ഞ ചെയ്തു. യു.എസ് സുപ്രീംകോടതിയില്‍ ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്‍.
യു.എസ് സുപ്രീംകോടതിയിലെ 116ാമത്തെ ജസ്റ്റിസായാണ് കെറ്റാന്‍ജി ചുമതലയേറ്റത്. ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയെര്‍ റിട്ടയര്‍ ചെയ്തതോടെയാണ് കെറ്റാന്‍ജി ചുമതലയേറ്റത്.
മറ്റ് മൂന്ന് വനിതാ ജസ്റ്റിസുമാരും കെറ്റാന്‍ജിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടുണ്ട്. ഇതോടെ സുപ്രീംകോടതിയുടെ ഒമ്പതംഗ ജസ്റ്റിസ് പാനലില്‍ ആദ്യമായി നാല് വനിതാ ജസ്റ്റിസുമാര്‍ ഒരുമിച്ച് വരും.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോടതിയുടെ വെബ്‌സൈറ്റില്‍ ലൈവായി കാണിച്ചിരുന്നു.
51കാരിയായ കെറ്റാന്‍ജി അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്.
ഫെബ്രുവരിയിലായിരുന്നു കെറ്റാന്‍ജിയെ പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തത്. ഏപ്രില്‍ ആദ്യ വാരമായിരുന്നു ഇവര്‍ ജസ്റ്റിസായി നിയമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ചുമതലയേല്‍ക്കുന്നത്.
നേരത്തെ കെറ്റാന്‍ജിയുടെ നിയമനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചതോടെയായിരുന്നു സുപ്രീംകോടതിയില്‍ ചരിത്രത്തിലെ ആദ്യ കറുത്ത വംശജയായി ജസ്റ്റിസായി അവര്‍ വന്നത്.
47നെതിരെ 53 വോട്ടുകള്‍ നേടിയായിരുന്നു കെറ്റാന്‍ജിയുടെ നിയമനം സെനറ്റില്‍ പാസായത്. വൈസ് പ്രസിഡന്റ് കമല ഹാരിസായിരുന്നു വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്.
പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും നേരത്തെ തന്നെ കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ് ആശംസകളറിയിച്ച് രംഗത്തെത്തിയിരുന്നു.
കറുത്ത വംശജരായ പുരുഷന്മാര്‍ മുമ്പും യു.എസ് സുപ്രീം കോടതി ജസ്റ്റ്സുമാരായിട്ടുണ്ടെങ്കിലും ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത് ആദ്യമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ