മലയാള സിനിമയിലെ നടിനടന്മാരുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഗണേഷ്‌കുമാര്‍ എം.എല്‍.എ. ഇടവേള ബാബു അസത്യം പ്രകടിപ്പിക്കുകയാണെന്നും അമ്മ അദ്ദേഹത്തിന്റ സ്വകാര്യ സ്വത്തല്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
അമ്മ ക്ലബ്ബ് ആണെങ്കില്‍ അതില്‍ അംഗമാകാനില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇടവേള ബാബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനോടാണിപ്പോള്‍ ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്.
അമ്മ ക്ലബ്ബെന്ന പരാമര്‍ശത്തില്‍ ഇടവേള ബാബുവിന്റ മറുപടി വിക്കിപീഡിയ നോക്കിയെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ചോദിച്ചത്, ചോദിച്ചതിന് മറുപടി കിട്ടിയില്ല.
വിജയ് ബാബു രാജിവെക്കണമെന്നോ അല്ലെങ്കില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ രാജി അവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഞാന്‍ പറഞ്ഞത്. അത് അത്ര പ്രശ്‌നമായി തോന്നുന്നില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
‘മോഹന്‍ലാലിന്റെ അനുമതിയോടെയാണോ അമ്മയുടെ ഫേസ്ബുക്ക് പേജില്‍ ഇടവേള ബാബു എഴുതുന്നത്. അങ്ങനെയാണെങ്കില്‍ എന്റെ കത്തും കൊടുക്കണം, ബാബു ഒറ്റയ്ക്കെഴുതിയതല്ല ചില ബുദ്ധികേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ട്,’ ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയില്‍ എകാധിപത്യ പ്രവണത ശരിയല്ലെന്നും അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യസ്വത്തല്ല, ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുന്നുവെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ് തുടങ്ങിയ പ്രസ്ഥാനങ്ങളെ വില കുറച്ചല്ല കാണുന്നതെന്നും ‘അമ്മ’ ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത്. ബിനീഷ് കോടിയേരിക്കെതിരെ കേസ് വന്നപ്പോള്‍ നടപടിയെടുക്കരുതെന്ന് പറഞ്ഞവരില്‍ ഗണേഷുമുണ്ട്. പിന്നെ എന്താണ് ഇപ്പോള്‍ ഇരട്ട നീതിയെന്നും ഇടവേള ബാബു ചോദിച്ചു. സംഘടനക്കൊപ്പം നിന്ന ഗണേഷിന്റെ ഇപ്പോഴത്തെ നിലപാട് സംഘടനക്ക് അവമതിപ്പുണ്ടാക്കുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ